ദോഹ: സ്വർണനേട്ടത്തോടെ സീസണിന് ഉജ്വല തുടക്കമിട്ട് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. എട്ട് മാസത്തെ ഇടവേളയ്‌ക്കുശേഷം തന്‍റെ ആദ്യ മത്സരത്തിനിറങ്ങിയ ടോക്കിയോ ഒളിമ്പിക്‌സ് ജേതാവ് ദോഹ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തി. ആദ്യ ശ്രമത്തിൽ തന്നെ 88.67 മീറ്റർ പിന്നിട്ട നീരജ് സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ദോഹയിൽ ജേതാവായത്.
ആദ്യ ശ്രമത്തിൽ തന്നെ വിജയദൂരം മറികടന്ന നീരജ് ചോപ്ര മൂന്ന് തവണ കൂടി 85 മീറ്ററിനപ്പുറത്തേക്ക് ജാവലിൻ പറത്തി. എന്നാൽ ജാവലിൻ ത്രോയിലെ സ്വപ്‌നദൂരമായ 90 മീറ്റർ മറികടക്കാൻ നീരജിന് ഇത്തവണയുമായില്ല. നീരജിന്‍റെ കരിയറിലെ നാലാമത്തെ ദൂരമാണ് ദോഹയിൽ പിന്നിട്ട 88.67 മീറ്റർ. 2018 ൽ ആദ്യമായി ദോഹയിൽ മത്സരിച്ചിരുന്നെങ്കിലും നാലാമതാണ് ഫിനിഷ് ചെയ്‌തിരുന്നത്.
ടോക്കിയോ ഒളിമ്പിക്‌സിൽ നീരജിന് പിന്നിൽ വെള്ളി കൊണ്ട് തൃപ്‌തിപ്പെട്ട ചെക്ക് റിപ്പബ്ലിക്കിന്‍റെ യാകുബ് വഡ്‌ലെജ് ദോഹയിലും രണ്ടാമതായാണ് മത്സരം പൂർത്തിയാക്കിയത്. 88.63 മീറ്റർ ദൂരം ജാവലിൻ പറത്തിയ യാകുബ് നീരജിനേക്കാൾ നാല് സെന്‍റി മീറ്റർ മാത്രം കുറവിലാണ് ഫിനിഷ് ചെയ്‌തത്.
85.88 മീറ്റർ താണ്ടിയ ഗ്രനാഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് മൂന്നാമതായി മത്സരം പൂർത്തിയാക്കി. കഴിഞ്ഞ വർഷം ദോഹയിൽ 93.07 മീറ്ററെന്ന വിസ്‌മയദൂരം കണ്ടെത്തിയ ആൻഡേഴ്‌സന് അതിന്‍റെ അടുത്ത് പോലും എത്താനായില്ല. 90 മീറ്റർ ദൂരം പിന്നിട്ട നാല് താരങ്ങൾ നീരജിന് കടുത്ത വെല്ലുവിളിയുയർത്തുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
ALSO READ :'നീതിക്ക് വേണ്ടി തെരുവിലിറങ്ങുന്നത് വേദനിപ്പിക്കുന്നു'; ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര