യൂജിന്‍:ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയതിന് പിന്നാലെ പിന്തുണച്ച ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ നന്ദി പ്രകടനം. ടൂര്‍ണമെന്‍റില്‍ മെഡല്‍ നേടിയ മറ്റ് താരങ്ങളെയും നീരജ് അഭിനന്ദിച്ചു.
''സാഹചര്യം ഒരല്‍പം മോശമായിരുന്നു. വെള്ളി മെഡല്‍ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്. അവിശ്വസനീയമായ മത്സരത്തിൽ ആൻഡേഴ്‌സന്‍ പീറ്റേഴ്‌സിനും ജാക്കൂബ് വാദ്‌ലെച്ചിനും അഭിനന്ദനങ്ങൾ. നാട്ടിലും ഹേവാർഡ് ഫീൽഡിലുമായി ലഭിച്ച എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി'', നീരജ് ട്വീറ്റ് ചെയ്‌തു.
യുഎസിലെ യൂജിനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷ താരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും നീരജിന് കഴിഞ്ഞു. 2003ൽ മലയാളി ലോങ് ജമ്പ് താരം അഞ്‌ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍.