ബുഡാപെസ്റ്റ് : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് (World Athletics Championships) ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ (Neeraj Chopra Qualifies For World Athletics Championships Final). ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന മത്സരത്തില്‍ യോഗ്യതാറൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര (Neeraj Chopra) ഫൈനൽ ഉറപ്പിക്കുകയായിരുന്നു.
88.77 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. സീസണില്‍ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരമാണിത്. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റര്‍ ദൂരം കണ്ടെത്താന്‍ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് ഫൈനലില്‍ എത്തിയതോടെ 2024-ലെ പാരിസ് ഒളിമ്പിക്‌സിന് (Paris Olympics) യോഗ്യത നേടാനും നിലവിലെ ചാമ്പ്യന്‍ കൂടിയായ 25-കാരനായി.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് ജാവലിനില്‍ പങ്കെടുക്കുന്ന 27 താരങ്ങളെ എ,ബി എന്നീ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് യോഗ്യതാറൗണ്ട് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയുടെ ഭാഗമായാണ് നീരജ് ചോപ്ര മത്സരിക്കാന്‍ ഇറങ്ങിയത്. 83 മീറ്ററായിരുന്നു ഫൈനലിലേക്ക് ഓട്ടോമാറ്റിക് യോഗ്യത ലഭിക്കാനുള്ള കുറഞ്ഞ ദൂരം.
ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഇരു ഗ്രൂപ്പുകളിലേയും മത്സരങ്ങള്‍ അവസാനിച്ച ശേഷം ആദ്യ 12-ല്‍ ഇടം നേടിയാലും ഫൈനല്‍ യോഗ്യത ലഭിക്കും. ഞായറാഴ്‌ചയാണ് ഫൈനല്‍ മത്സരം നടക്കുക. ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നീരജ് കണ്ടെത്തിയ ദൂരത്തിന് അടുത്തെത്താന്‍ മറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.