ഹൈദരാബാദ്:ദീർഘകാലമായി പരിക്കിന്‍റെ പിടിയിലായ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന സെന്‍റട്രല്‍ നോർത്ത് ഈസ്‌റ്റ് അത്‌ലറ്റിക്‌സ് മീറ്റിലെ പ്രകടനമാണ് താരത്തിന് തുണയായത്. പരിക്കിന്‍റെ പിടിയില്‍ നിന്നും തിരിച്ചെത്തിയ താരം മീറ്റില്‍ നടന്ന മത്സരത്തില്‍ 87.86 മീറ്റർ എറിഞ്ഞിട്ടാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒളിമ്പിക് യോഗ്യതയുമായി നീരജ് ചോപ്ര
ദക്ഷിണാഫ്രിക്കയില്‍ നടന്ന സെന്‍റട്രല്‍ നോർത്ത് ഈസ്‌റ്റ് അത്‌ലറ്റിക്‌സ് മീറ്റില്‍ 87.86 മീറ്റർ എറിഞ്ഞിട്ട പ്രകടനമാണ് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് തുണയായത്
നീരജിനെ കൂടാതെ ഒരു ഇന്ത്യന്‍ താരം ഉൾപ്പെടെ നാല് പേർ ഈ ഇനത്തില്‍ മീറ്റില്‍ മാറ്റുരച്ചു. രോഹിത് യാദവാണ് ഇന്ത്യക്ക് വേണ്ടി ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം. രോഹിത് 77.61 മീറ്റർ എറിഞ്ഞിട്ടു. അതേസമയം മീറ്റില്‍ മാറ്റുരച്ച വിദേശ താരങ്ങൾക്ക് 70 മീറ്റർ പോലും കണ്ടെത്താനായില്ല.
2019-ല്‍ കൈ മുട്ടിന് പരിക്കേറ്റ ശേഷം നീരജ് ദീർഘകാലമായി മത്സരങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. 2018-ല്‍ ജക്കാർത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് താരം അവസാനമായി ഇന്ത്യക്കായി മാറ്റുരച്ചത്. അന്ന് 88.06 മീറ്റർ എറിഞ്ഞിട്ട് താരം സ്വർണ മെഡല്‍ സ്വന്തമാക്കിയിരുന്നു. നേരത്തെ 2019-ല്‍ നടന്ന ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ താരം പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പരിക്ക് കാരണം പുറത്തിരിക്കുന്ന താരത്തിന് തിരിച്ചുവരാന്‍ കൂടുതല്‍ സമയം വേണമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിർദേശിക്കുകയായിരുന്നു.