കേരളം

kerala

ETV Bharat / sports

'നിരാശയുണ്ട്, പിന്തുണയ്‌ക്ക് നന്ദി'; സഹതാരങ്ങള്‍ക്കായി കയ്യടിക്കാമെന്നും നീരജ് ചോപ്ര - നീരജ് ചോപ്ര

കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവാത്തതില്‍ നിരാശ പങ്കുവച്ച് ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് നീരജ് ചോപ്ര.

Neeraj Chopra On Missing Commonwealth Games  Neeraj Chopra  Commonwealth Games 2022  കോമൺവെൽത്ത് ഗെയിംസ്  നീരജ് ചോപ്ര  കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നീരജിന് നിരാശ
'നിരാശയുണ്ട്, പിന്തുണയ്‌ക്ക് നന്ദി'; സഹതാരങ്ങള്‍ക്കായി കയ്യടിക്കാമെന്നും നീരജ് ചോപ്ര

By

Published : Jul 27, 2022, 1:11 PM IST

യൂജിന്‍: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കാനാവാത്തതില്‍ നിരാശയുണ്ടെന്ന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ്‌ ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗെയിംസില്‍ നിന്നും പിന്മാറുന്നതെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

വിഷയം ഒളിമ്പിക് അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ, അത്‌ലറ്റിക്‌ ഫെഡറേഷന്‍, സായ്‌ തുടങ്ങിയ സംഘടനകളുമായി ചര്‍ച്ച ചെയ്‌തിരുന്നു. ദീർഘകാല ലക്ഷ്യങ്ങൾ മനസില്‍ വച്ചുകൊണ്ട് അപകടസാധ്യത ഒഴിവാക്കുന്നതിനായി കൂട്ടായാണ് പ്രസ്‌തുത തീരുമാനത്തില്‍ എത്തിയതെന്നും താരം വ്യക്തമാക്കി.

വൈകാതെ തന്നെ ഫീല്‍ഡിലേക്ക് മടങ്ങി എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു. "പരിക്കില്‍ നിന്നും മോചിതനാവുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉടൻ തന്നെ ഫീല്‍ഡിലേക്ക് മടങ്ങി എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും പിന്തുണയ്‌ക്കും മുഴുവൻ രാജ്യത്തിനും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. ബര്‍മിങ്‌ഹാമില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒപ്പം ചേരാൻ നിങ്ങളെ എല്ലാവരോടും അഭ്യർഥിക്കുന്നു", നീരജ് കൂട്ടിച്ചേര്‍ത്തു.

2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ്. ബര്‍മിങ്‌ഹാമില്‍ നീരജ് മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത അറിയിച്ചിരുന്നു. നീരജിന് ഒരു മാസത്തോളം വിശ്രമം നിര്‍ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച(28.07.2022) ആരംഭിക്കുന്ന ഗെയിംസിൽ ഇന്ത്യയുടെ പതാകവാഹകനായി നിശ്ചയിച്ച താരമാണ് നീരജ്.

അതേസമയം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ തന്‍റെ തുടയ്‌ക്ക് വേദന അനുഭവപ്പെട്ടതായി മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് വെളിപ്പെടുത്തിയിരുന്നു. മത്സരത്തില്‍ 88.13 മീറ്റർ ദൂരം കണ്ടെത്തിയതോടെ വെള്ളി മെഡല്‍ നേടാനും നീരജിന് കഴിഞ്ഞു.

ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷ താരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവും ആവാന്‍ നീരജിന് കഴിഞ്ഞു. 2003ൽ മലയാളി ലോങ് ജമ്പ് താരം അഞ്‌ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍.

ABOUT THE AUTHOR

...view details