ലോസാന്‍: ലോസാന്‍ ഡയമണ്ട് ലീഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര. മത്സരത്തില്‍ 89.08 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ലുസാനില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്. സുവര്‍ണനേട്ടത്തോടെ സെപ്‌റ്റംബറില്‍ സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനും യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും നീരജ് ചോപ്ര സ്വന്തമാക്കി.
ടോക്കിയോ ഓളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ ചെക്ക് താരം യാക്കൂബ് വദ്‌ലെക്ക് (85.88) ആണ് രണ്ടാം സ്ഥാനക്കാരന്‍. ഇതിന് മുന്‍പ് കരിയറില്‍ 90 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള യാക്കൂബ് നീരജിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. മൂന്നാമനായി അമേരിക്കയുടെ കുര്‍ട്ടിസ് തോംപ്‌സണും (83.72) എത്തി.
കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ മികച്ച ത്രോയെറിഞ്ഞാണ് ലോസാനില്‍ നീരജ് ചോപ്ര പുതിയ ചരിത്രം കുറിച്ചത്. ലോസാനില്‍ നടന്ന മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജിന് 89.08 ദൂരം കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ അത് മറികടക്കാന്‍ നീരജിന് കഴിഞ്ഞിരുന്നില്ല.