ഹൈദരാബാദ് :ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് ഇന്ത്യയുടെ നീരജ് ചോപ്ര നാമനിര്‍ദേശം ചെയ്യപ്പെട്ടു (Neeraj Chopra Nominated For Male Athlete of Year Award). അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. 11 പേരുള്ള പട്ടികയിലാണ് നീരജ് ഇടംപിടിച്ചിരിക്കുന്നത് (Male Athlete of the Year Award 2023).
അത്‌ലറ്റിക്‌സിന്‍റെ ഗ്ലോബല്‍ ഗവേണിങ് ബോഡിയാണ് ഇക്കൊല്ലത്തെ മെന്‍സ് അത്‌ലറ്റ് ഓഫി ദി ഇയര്‍ അവാര്‍ഡിന് നീരജ് ചോപ്രയുടെ (Neeraj Chopra) പേര് നിര്‍ദേശിച്ചത്. ജാവലിന്‍ ത്രോ ലോക ചാമ്പ്യനായ നീരജ് നേരത്തെ ഒളിമ്പിക് സ്വര്‍ണം നേടിയിരുന്നു. ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന അത്‌ലറ്റാണ് നീരജ്.
ചൈനയിലെ ഹാങ്‌ചോയില്‍ അടുത്തിടെ നടന്ന ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടി. ഈ സീസണിലെ മികച്ച ദൂരമായ 88.88 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം കൈപ്പിടിയില്‍ ഒതുക്കിയത്. മുന്‍പ് 2018ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും നീരജിന് സ്വര്‍ണം നേടാനായി. ലുസൈന്‍ ഡയമണ്ട് ലീഗിലും സ്വര്‍ണം നേടിയായിരുന്നു താരം തന്‍റെ മെഡല്‍ പട്ടിക നീട്ടിയത്. ഹരിയാനക്കാരനായ നീരജ് 2018 ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ കൂടിയാണ്.
2023ലെ ലോക അത്‌ലറ്റിക്‌സ് അവാര്‍ഡിനായുള്ള വോട്ടെടുപ്പ് പ്രക്രിയ ഈ ആഴ്‌ചയില്‍ ആരംഭിക്കും. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാനലാണ് കായിക താരങ്ങളെ തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് 11 പേര്‍ അടങ്ങുന്ന അന്തിമ പട്ടിക ലോക അത്‌ലറ്റിക്‌സ് അംഗീകരിച്ചു. കായിക താരങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്.
എങ്ങനെ വോട്ട് ചെയ്യാം : ലോക അത്‌ലറ്റിക് കൗണ്‍സില്‍, വേള്‍ഡ് അത്‌ലറ്റിക് ഫാമിലി എന്നിവര്‍ ഇ മെയില്‍ വഴി അവരുടെ വോട്ടിങ് രേഖപ്പെടുത്തും. ആരാധകര്‍ക്കും തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. വേള്‍ഡ് അത്‌ലറ്റിക്‌സിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈന്‍ ആയി ആരാധകര്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. ഓരോ നോമിനിക്കുമുള്ള വ്യക്തിഗത ഗ്രാഫിക്‌സ് ഫേസ്‌ബുക്ക്, എക്‌സ് (ഇന്‍സ്റ്റഗ്രാം), യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌മോഫുകളിലെ ഔദ്യോഗിക ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്യും.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഒരു 'ലൈക്ക്', അല്ലെങ്കില്‍ എക്‌സില്‍ ചെയ്യുന്ന റീട്വീറ്റ് എന്നിവ ഒരു വോട്ടായി കണക്കാക്കുമെന്ന് അത്‌ലറ്റിക്‌സ് ബോഡി അറിയിച്ചു. വേള്‍ഡ് അത്‌ലറ്റിക്‌സ് കൗണ്‍സിലിന്‍റെ വോട്ട് ഫലത്തിന്‍റെ 50 ശതമാനമായി കണക്കാക്കും. വേള്‍ഡ് അത്‌ലറ്റിക്‌സ് ഫാമിലിയുടെ വോട്ടുകളും പൊതു വോട്ടുകളും അന്തിമ ഫലത്തിന്‍റെ 25 ശതമാനമായും കണക്കാക്കും.
വോട്ടിങ് ഒക്‌ടോബര്‍ 28ന് രാത്രിയോടെ അവസാനിക്കും. അഞ്ച് താരങ്ങളില്‍ നിന്നാകും ഈ വര്‍ഷത്തെ ലോക അത്‌ലറ്റിനെ തെരഞ്ഞെടുക്കുക. നവംബര്‍ 13, 14 തീയതികളിലാകും വിജയികളെ തെരഞ്ഞെടുക്കുക. ഡിസംബര്‍ 11ന് വേള്‍ഡ് അത്‌ലറ്റിക്‌സിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിജയികളെ വെളിപ്പെടുത്തും.