ബെംഗലൂരു:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനായി വിവിധ തുറകളില്‍ നിന്നുമുള്ള പ്രമുഖരുടെ ഒഴുക്കാണ് കാണാന്‍ കഴിഞ്ഞത്. അഹമ്മദാബാദിലെ നരേന്ദമോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിലേക്ക് എത്തിയപ്പോള്‍ വിഐപികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയും (Neeraj Chopra) ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ താരം വന്നത് തന്നെ അധികം ആരും അറിഞ്ഞിരുന്നില്ല.
മത്സരത്തിനിടെ നീരജിനെ ഒരിക്കലും ബ്രോഡ്‌കാസ്റ്റര്‍മാര്‍ സ്‌ക്രീനില്‍ കാണിക്കാത്തതായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചോദ്യത്തിന് ഏറെ ശ്രദ്ധേയമായ മറുപടി നല്‍കിയിരിക്കുകയാണ് 25-കാരന്‍. അതില്‍ തനിക്ക് ഒരു പ്രശ്‌നമില്ലെന്നും താന്‍ മത്സരിക്കുന്നത് കാണിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നുമാണ് നീരജ് പറഞ്ഞത്. (Neeraj Chopra On Not Being Shown On TV During Cricket World Cup 2023 India vs Australia Final)
"എനിക്ക് ബ്രോഡ്‌കാസ്റ്റര്‍മാരോട് പറയാനുള്ളത്, ഞാന്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ അതു കാണിക്കണമെന്നാണ്. നേരത്തെ ഡയമണ്ട് ലീഗില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ ശരിയായ രീതിയില്‍ ആയിരുന്നില്ല അവരത് സംപ്രേഷണം ചെയ്‌തത്. മത്സരത്തിന് ശേഷം അതിന്‍റെ ഹൈലൈറ്റ്സ് കാണിക്കുകയായിരുന്നു.
ആദ്യ ശരിയാക്കേണ്ട കാര്യം അതാണ്. ഞാന്‍ അഹമ്മദാബാദിലേക്ക് പോയത് മത്സരം കാണാനാണ്. ഒരു സാധാരണ ആരാധകനായി ഞാനത് ശരിക്കും ആസ്വദിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും എനിക്ക് കൂടുതല്‍ സന്തോഷമായേനേ.