ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ (World athletics championships) സ്വര്‍ണമെറിഞ്ഞിട്ട് ചരിത്രം തീര്‍ത്തിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര (Neeraj Chopra). പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് 'സുവര്‍ണ ദൂരം' കണ്ടെത്തിയത് (Neeraj Chopra Wins Gold World Athletics Championships). ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത് (Neeraj Chopra becomes first Indian to win gold at World Athletics Championships).
ഫൈനലില്‍ പാകിസ്ഥാന്‍ താരം അർഷാദ് നദീമിന്‍റെ (Arshad Nadeem) വെല്ലുവിളി മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്ത് എത്തിയത്. നീരജിന് ഇതേവരെ കഴിയാത്ത 90 മീറ്റര്‍ ബെഞ്ച് മാര്‍ക്ക് പിന്നിട്ട താരമാണ് അർഷാദ് നദീം. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം. ഇതോടെ അർഷാദ് നദീം ഇന്ത്യന്‍ താരത്തിന് ഭീഷണിയാവുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും വിജയം നീരജിനൊപ്പം നിന്നു.
87.82 മീറ്റർ ദൂരമാണ് പാക് താരത്തിന് നേടാന്‍ കഴിഞ്ഞത്. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാൽഡെജ് ആണ് വെങ്കലം നേടിയത്. ഇപ്പോഴിതാ മത്സരത്തിന് ശേഷമുള്ള നീരജിന്‍റെ പ്രവര്‍ത്തിക്ക് കയ്യടിക്കുകയാണ് ആരാധകര്‍. വിജയത്തിന് ശേഷം ഫോട്ടോയ്‌ക്ക് പോസ് ചെയ്യവെ ഒപ്പമില്ലാതിരുന്ന അർഷാദ് നദീമിനെ വിളിച്ച് ഒപ്പം കൂട്ടുകയായിരുന്നു 25കാരനായ നീരജ് ചെയ്‌തത്. ഇതിന്‍റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (Neeraj Chopra Arshad Nadeem viral video). കളിക്കളത്തില്‍ ചിരവൈരികളെങ്കിലും പുറത്ത് സ്‌നേഹം മാത്രമെന്ന് തെളിയിക്കുന്നതാണ് നീരജിന്‍റെ പ്രവര്‍ത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.