കുർട്ടേൻ : ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഈ വർഷത്തെ തന്‍റെ ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര ട്രാക്കിൽ തെന്നി വീണിരുന്നു. മഴ കാരണം നനഞ്ഞതും വഴുക്കലുള്ളതുമായ ട്രാക്കിൽ നടന്ന മത്സരത്തിലെ മൂന്നാം ശ്രമത്തിലാണ് ചുവടുപിഴച്ച താരം ഇടത് തോൾ ടർഫിലടിച്ച് വീണത്. വീഴ്‌ചയിൽ പരിക്കില്ലെന്നും സ്വീഡനിലെ സ്റ്റോക്‌ഹോമിൽ നടക്കുന്ന ഡയമണ്ട് ലീഗില്‍ മത്സരിക്കുമെന്നും നീരജ് ട്വിറ്ററില്‍ വ്യക്‌തമാക്കി.
ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം പിന്നിട്ട നീരജിന്‍റെ രണ്ടാം ശ്രമം ഫൗളായി. മഴയില്‍ കുതിർന്ന ട്രാക്കിൽ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മൂന്നാം ശ്രമത്തിനെത്തിയത്. ഈ ശ്രമത്തിൽ തെന്നിവീണ നീരജ് പിന്നീടുള്ള മൂന്ന് ശ്രമങ്ങള്‍ എറിയാതിരുന്നത് ആശങ്കക്കിടയാക്കിയിരുന്നു.