ലിസ്‌ബൺ: നാഷൻസ് ലീഗിൽ സ്വിറ്റ്‌സർലാന്‍റിനെ നേരിട്ട പോർച്ചുഗലിന് ജയം. ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു.
15-ാം മിനിറ്റിൽ വില്യം കർവാലോയാണ് പോർച്ചുഗലിന്‍റെ ഗോളടി തുടങ്ങിയത്. 35-ാം മിനിറ്റിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. നാല് മിനിറ്റിനകം റൊണാൾഡോ തന്നെ വീണ്ടും ഗോൾ നേടി. രണ്ടാം പകുതിയിൽ ജോ കാൻസെലോയിയിലൂടെ നാലാം ഗോളും നേടിയ പോർച്ചുഗൽ വിജയം പൂർത്തിയാക്കി.
ഈ ഗോളുകളോടെ റൊണാൾഡോയുടെ ആകെ രാജ്യന്തര ഗോളുകളുടെ എണ്ണം 117 ആയി. അന്താരാഷ്‌ട്ര ഫുട്ബോളിലെ ടോപ് സ്കോറർ ആയ റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ള ലീഡ് വർധിപ്പിക്കുകയാണ്. സജീവ കളിക്കാരിൽ രണ്ടാമതുള്ള അർജന്‍റീനൻ സൂപ്പർതാരം ലയണൽ മെസിയെക്കാൾ ബഹുദൂരം മുന്നിലാണ് റൊണാൾഡോ. 86 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.
സമനിലകൊണ്ട് രക്ഷപ്പെട്ട് സ്‌പെയിൻ;നാഷൻസ് ലീഗിൽ ചെക് റിപ്പബ്ലിക്കിനോട് 2-2 ന്‍റെ സമനില വഴങ്ങി സ്‌പെയിൻ. മത്സരത്തിൽ രണ്ടു തവണയും പിന്നിൽ നിന്ന ശേഷമാണ് സ്‌പെയിൻ സമനില പിടിച്ചത്. നാലാം മിനിറ്റിൽ തന്നെ ചെക് മത്സരത്തിൽ മുന്നിലെത്തി. യാൻ കുറ്റ്ചെയുടെ പാസിൽ നിന്നു യാകുബ് പെസെക് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റോഡ്രിയുടെ പാസിൽ നിന്നു ഗാവി സ്പെയിനിന് സമനില സമ്മാനിച്ചു. ഇതോടെ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി. രണ്ടാം പകുതിയിൽ സെർനിയുടെ പാസിൽ നിന്നു യാൻ കുറ്റ്ചെ റിപ്പബ്ലിക്കിന് രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ 90-ാം മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസിൽ നിന്നു ഇനിഗോ മാർട്ടിനസ് ഹെഡറിലൂടെ സ്‌പെയിനിന് സമനില സമ്മാനിക്കുകയായിരുന്നു.