പാരീസ്: നേഷൻസ് ലീഗ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ക്രൊയേഷ്യയും നെതർലൻഡും വിജയം പിടിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് തോല്‍വി. വിജയത്തോടെ ഗ്രൂപ്പ് എ-1ല്‍ ക്രൊയേഷ്യയും, ഗ്രൂപ്പ് എ- 4ല്‍ നെതർലൻഡും ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു.
ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന സെമി ഫൈനലിന് ബെര്‍ത്ത് ഉറപ്പിക്കാനും ഇരു സംഘത്തിനും കഴിഞ്ഞു. ഗ്രൂപ്പ് എ-1ല്‍ ഓസ്‌ട്രിയയെയാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം.
ക്രൊയേഷ്യയ്‌ക്കായി ലൂക്ക മോഡ്രിച്ച്, മാര്‍ക്കോ ലിവാജ, ദെജാന്‍ ലോവ്രന്‍ എന്നിവര്‍ ഗോള്‍ നേടി. ഓസ്ട്രിയക്കായി ക്രിസ്റ്റോഫ് ബൗംഗാര്‍ട്ട്ന്‍റാണ് ലക്ഷ്യം കണ്ടത്. തോല്‍വിയോടെ ഓസ്‌ട്രിയ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം നിരയിലേക്ക് തരം താഴ്‌ത്തപ്പെട്ടു.
ഡച്ച് പടയ്‌ക്ക് ജയമൊരുക്കി വാന്‍ ഡെക്ക്:നെതർലൻഡ് ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡെക്ക് ആണ് ഡച്ച് പടയ്‌ക്കായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എ-4ല്‍ തോല്‍വി അറിയാതെയാണ് നെതർലൻഡിന്‍റെ മുന്നേറ്റം.
ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമടക്കം 16 പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തേക്കാള്‍ ആറ് പോയിന്‍റ് കൂടുതലാണിത്.
രക്ഷപ്പെട്ട് ഫ്രാന്‍സ്: അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് തരം താഴ്ത്തലില്‍ നിന്നും രക്ഷപ്പെട്ടു. ഗ്രൂപ്പ് എ-1ല്‍ ഡെന്‍മാര്‍ക്കിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ തോല്‍വി. ഓസ്‌ട്രിയ ക്രൊയേഷ്യയോട് തോറ്റതിനാലാണ് തരം താഴ്ത്തലില്‍ നിന്നും ഫ്രാന്‍സ് രക്ഷപ്പെട്ടത്.
ഗ്രൂപ്പില്‍ ഫ്രാന്‍സ് മൂന്നാമതും ഓസ്‌ട്രിയ നാലാമതുമാണ് ഫിനിഷ് ചെയ്‌തത്. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്‍റാണ് ഫ്രാന്‍സിനുള്ളത്. മറുവശത്ത് നാല് പോയിന്‍റ് മാത്രമാണ് ഓസ്‌ട്രിയയ്‌ക്ക്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഡെന്‍മാര്‍ക്ക് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയിരുന്നു.