ന്യൂഡല്‍ഹി:ഇന്ത്യന്‍ വനിത ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടിസ്. ഉത്തേജക വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് നോട്ടിസ് നല്‍കിയത്. താമസ-പരിശീലന വിവരങ്ങൾ നൽകണമെന്ന നിയമം പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന നോട്ടിസിന് വിനേഷ് ഫോഗട്ട് രണ്ടാഴ്‌ചകള്‍ക്കുള്ളില്‍ മറുപടി നല്‍കണം.
ജൂണ്‍ 27-ന് ഹരിയാനയിലെ സോനിപത്തില്‍ പരിശോധനയ്ക്ക് എത്താമെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചതിനെ തുടര്‍ന്ന് ഡോപ്പിങ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. എന്നാല്‍ താരം പരിശോധനയ്‌ക്കായി എത്തിയില്ലെന്നും നോട്ടിസില്‍ പറയുന്നുണ്ട്. അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്‌ത താരങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരമാണ് വിനേഷ് ഫോഗട്ട്.
വ്യാഴാഴ്‌ച ആരംഭിച്ച ബുഡാപെസ്റ്റ് റാങ്കിങ് സീരീസ് 2023 ചാമ്പ്യന്‍ഷിപ്പിലൂടെ മത്സരങ്ങളിലേക്ക് മടങ്ങിയെത്താനിരിക്കെയാണ് നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യന്‍ കൂടിയായ താരത്തിന് നോട്ടിസ് ലഭിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അടക്കം പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്‌തത്.
രണ്ടാം ഘട്ട സമരത്തിനിടെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ വിനേഷ് തുറന്നടിച്ചിരുന്നു. ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാന്‍ അനുരാഗ് താക്കൂര്‍ ശ്രമിച്ചെന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. ആദ്യ ഘട്ട സമരത്തിനിടെ താരങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു കമ്മിറ്റി രൂപീകരിച്ച് വിഷയം അവിടെ അടിച്ചമർത്താനാണ് അദ്ദേഹം ശ്രമിച്ചത്. വിഷയത്തില്‍ ഒരു നടപടിയും അദ്ദേഹം എടുത്തില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
ബ്രിജ് ഭൂഷനെതിരെ കഴിഞ്ഞ ജനുവരിയിലാണ് ഗുസ്തി താരങ്ങള്‍ സമരം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ മേരി കോം അധ്യക്ഷയായ ആറംഗ സമിതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ സമരം അവസാനിപ്പിച്ചുവെങ്കിലും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉള്‍പ്പെടെ തുടര്‍ നടപടികളുണ്ടായില്ല. ഇതോടെ ഒരു ഇടവേളയ്‌ക്ക് ശേഷം താരങ്ങള്‍ സമര രംഗത്ത് സജീവമായതിന് പിന്നാലെയാണ് ബ്രിജ് ഭൂഷനെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായത്.
എന്നാല്‍ ഇഴഞ്ഞ് നീങ്ങിയ നടപടികളില്‍ സമരം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം വേഗത്തിലാക്കാമെന്ന് ഉറപ്പ് നല്‍കി. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയിലാണ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഇതോടെ സമരം താത്‌കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഡല്‍ഹി പൊലീസ് അടുത്തിടെ ബ്രിജ് ഭൂഷനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം റോസ് അവന്യൂ കോടതിയിലാണ് ഡല്‍ഹി പൊലീസ് നല്‍കിയത്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.