നേപിൾസ് : ദീർഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം ഇറ്റാലിയൻ ലീഗ് കിരീടം ഉയർത്താനൊരുങ്ങുന്ന നാപോളിയുടെ കാത്തിരിപ്പ് വൈകുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സാലെർനിറ്റാനയോട് സമനില വഴങ്ങിയതോടെയാണ് ലീഗിൽ ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ ചാമ്പ്യൻമാരാകാനുള്ള അവസരം നഷ്‌ടമായത്. നാപോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനില പിരിഞ്ഞത്.
62-ാം മിനിട്ടിൽ മതിയാസ് ഒലിവേരയിലൂടെ മുന്നിലെത്തിയ നാപോളിയെ കളിയവസാനിക്കാൻ ആറ് മിനിട്ട് ശേഷിക്കെ നേടിയ ഗോളിലാണ് സാലെർനിറ്റാന സമനില പിടിച്ചത്. 33 വർഷത്തിന് ശേഷം കിരീടധാരണത്തിനൊരുങ്ങിയ നാപോളിയെ ബൗലായ ദിയ നേടിയ ഗോളാണ് നിരാശയിലാക്കിയത്.
പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ലാസിയോ ഇന്‍റർ മിലാനോട് 1-3ന് തോറ്റതാണ് നാപോളിക്ക് പ്രതീക്ഷ നൽകിയത്. വ്യാഴാഴ്‌ച നടക്കുന്ന മത്സരത്തിൽ ഉഡിനീസിനെ തോൽപിച്ചാൽ കിരീടം ഉറപ്പിക്കാം. ഇതിനുമുമ്പ് മറ്റ് ടീമുകൾക്ക് മത്സരം ഉള്ളതിനാൽ ആ ഫലങ്ങൾ അനുകൂലമായാൽ അടുത്ത കളിക്കിറങ്ങും മുൻപുതന്നെ നാപോളി ജേതാക്കളാകാനും സാധ്യതയുണ്ട്.