മെല്‍ബണ്‍ : ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും ജപ്പാന്‍ താരവും മുന്‍ ചാമ്പ്യനുമായ നവോമി ഒസാക്ക പിന്മാറിയതായി സംഘാടകര്‍. ഇത്തവണത്തെ ടൂര്‍ണമെന്‍റില്‍ താരത്തെ മിസ് ചെയ്യുമെന്ന് കാട്ടി സംഘാടകര്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 25കാരിയായ ഒസാക്കയുടെ പിന്മാറ്റത്തിന്‍റെ കാരണം വ്യക്തമല്ല.
2019ലും 2021ലും മെല്‍ബണില്‍ ഒസാക്ക കിരീടം ചൂടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ടോക്കിയോയിൽ നടന്ന ടൂർണമെന്‍റിൽ നിന്നും പരിക്കേറ്റ് പിന്മാറിയ താരം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല. ഇതോടെ ലോക റാങ്കിങ്ങില്‍ 42-ാം സ്ഥാനത്തേക്കും ഒസാക്ക വീണു.
നാല് തവണ ഗ്രാൻഡ് സ്ലാം നേടിയ താരം നേരത്തെ തന്‍റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഫ്രഞ്ച്, യുഎസ് ഓപ്പണുകളിൽ ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങിയ ജപ്പാന്‍ താരം പരിക്ക് വലച്ചതോടെ വിംബിൾഡണിൽ നിന്ന് പിന്മാറുകയും ചെയ്‌തു.
also read:ക്രിസ്റ്റ്യാനോയ്‌ക്കായി ലോകകപ്പ് ഹീറോ വിൻസെന്‍റ് അബൂബക്കറെ കൈവിട്ട് അല്‍ നസ്‌ര്‍
അതേസമയം ലോക ഒന്നാം നമ്പര്‍ പുരുഷ താരം കാര്‍ലോസ് അല്‍ക്കാരസും കഴിഞ്ഞ ദിവസം പിന്മാറ്റം അറിയിച്ചിരുന്നു. വലതുകാലില്‍ പേശിയ്ക്ക് ഏറ്റ പരിക്കാണ് 19കാരനായ സ്‌പാനിഷ് താരത്തിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്‌ടമാകുന്നതില്‍ കടുത്ത നിരാശയുണ്ടെന്ന് അല്‍ക്കാരസ് ട്വീറ്റ് ചെയ്‌തു. ജനുവരി 16 മുതലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.