പാരിസ്:കളിമൺ കോട്ടിലെ രാജാവായ റാഫേൽ നദാലിന് തന്‍റെ തട്ടകമായ റോളണ്ട് ഗാരോസില്‍ ഏകപക്ഷീയ വിജയം. ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ദന്‍ തോംസണെയാണ് നദാല്‍ തോല്‍പ്പിച്ചത്. പരിക്കിന്‍റെ പിടിയിലായ നദാൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഓസ്ട്രേലിയന്‍ താരത്തെ മറികടന്നത്.സ്കോര്‍ 6-2, 6-2, 6-2
പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാല്‍ ഇത്തവണ ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ഓപ്പണിലെ നദാലിന്‍റെ 106-ാം വിജയത്തോടെ ഒരു ഗ്രാന്‍ഡ്സ്ലാമില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമായി നദാല്‍. വിംബിള്‍ഡണില്‍ ഫെഡററിന്‍റെ 105 വിജയങ്ങള്‍ ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് റൗണ്ടില്‍ വമ്പന്‍ അട്ടിമറികള്‍. നിലവിലെ ചാംപ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബോറാ ക്രജികോവാ, മുന്‍ ലോക ഒന്നാം നമ്ബര്‍ ജപ്പാന്‍റെ നയോമി ഒസാക്ക എന്നിവര്‍ പുറത്തായി.
ലോക റാങ്കിങില്‍ 96-ാം സ്ഥാനത്തുള്ള ഫ്രഞ്ച് താരം ഡയനേ പരി ക്രിജികോവയെയും 21-ാം റാങ്കുകാരി അമേരിക്കയുടെ അമാന്‍ഡാ അനിസിമോവ ഒസാക്കയെയുമാണ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്കയ്‌ക്കെതിരെ അമാന്‍ഡയുടെ വിജയം. സ്‌കോര്‍: 7-5, 6-4. മത്സരത്തിന്‍റെ തുടക്കം മുതല്‍ നിരവധി പിഴവുകള്‍ വരുത്തിയ ഒസാക്ക തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. എട്ട് ഡബിള്‍ ഫോള്‍ട്ടുകളും 29 അണ്‍ഫോഴ്‌സ് പിഴവുകളും ഒസാക്കയില്‍ നിന്നുണ്ടായി.
ഫ്രഞ്ച് ഓപ്പണില്‍ ഒസാക്കയ്ക്ക് അത്ര മികച്ച റെക്കോഡല്ല ഉള്ളത്. ഫ്രഞ്ച് ഓപ്പണില്‍ മൂന്നാം റൗണ്ടിലെത്തിയത് മാത്രമാണ് ഒസാക്കയുടെ മികച്ച നേട്ടം. 2016, 2018, 2019 വര്‍ഷങ്ങളില്‍ താരം മൂന്നാം റൗണ്ടിലെത്തി.
1-6, 6-2, 6-3 നാണ് ഡയനേ പരി ക്രിജികോവയെ തോൽപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ഓപ്പൺ നേടിയ ക്രെജികോവ ഈ സീസണില്‍ പരിക്ക് കാരണം ഇതുവരെ ക്ലേ കോര്‍ട്ടില്‍ കളിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ തന്നെ അവര്‍ പരാജയപ്പെടുകയും ചെയ്‌തു. 19കാരിയായ ഡിയാനെ ഇനി കൊളംബിയന്‍ താരം കമില ഒസിരിയീയെ ആണ് നേരിടുക.