പാരിസ്: പാരിസ് ഡയമണ്ട് ലീഗില്‍ ചരിത്ര നേട്ടവുമായി മലയാളി താരം എം ശ്രീശങ്കര്‍ M Sreeshankar. പുരുഷ വിഭാഗം ലോങ്ജംപിൽ മൂന്നാം സ്ഥാനമാണ് ശ്രീശങ്കര്‍ ചാടിയെടുത്തത്. കോമൺവെൽത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കര്‍ 8.09 മീറ്റർ ദൂരം ചാടിയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ തന്‍റെ മൂന്നാം ശ്രമത്തിലാണ് മലയാളി താരം വിജയ ദൂരം കണ്ടെത്തിയത്. ഒളിമ്പിക്‌സ് ചാമ്പ്യനായ ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്‍റഗ്ലൂവാണ് ഒന്നാമതെത്തിയത്. 8.13 മീറ്റർ ദൂരമാണ് മിൽത്തിയാദിസ് തെന്റഗ്ലൂ ചാടിയത്.
സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമറാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ലോക ചമ്പ്യന്‍ഷിപ്പ് വെങ്കല മെഡൽ ജേതാവായ സൈമൺ ഇഹാമര്‍ 8.11 മീറ്ററാണ് ചാടിയത്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ക്യൂബയുടെ മെയ്ക്കൊ മാസ്സോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 7.83 മീറ്റർ ദൂരമാണ് താരത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്.
ആദ്യ ശ്രമത്തില്‍ 7.79 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. രണ്ടാം ശ്രമത്തില്‍ ഇതു 7.94 മീറ്ററിലേക്ക് മെച്ചപ്പെടുത്തിയ താരം മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ കണ്ടെത്തി പട്ടികയിൽ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. എന്നാല്‍ തന്‍റെ നാലാം ശ്രമത്തിൽ 8.11 മീറ്റർ ചാടിക്കൊണ്ട് സൈമൺ ഇഹാമർ ശ്രീശങ്കറിനെ പിന്നിലാക്കി.
അഞ്ചാം ശ്രമത്തിലാണ് ഗ്രീസ് താരമായ മിൽത്തിയാദിസ് തെന്‍റഗ്ലൂ 8.13 മീറ്റർ ചാടിക്കൊണ്ട് ഇരുവരെയും മറികടന്നുകൊണ്ട് ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ശ്രീശങ്കറിന്‍റെ നാലാമത്തെ ശ്രമം ഫൗളായി. അഞ്ചാം ശ്രമത്തിൽ 7.99 മീറ്റര്‍ ചാടിയ ശ്രീശങ്കറിന്‍റെ ആറാമത്തെയും ചാട്ടം ഫൗളില്‍ കലാശിച്ചു.
പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ മത്സരിച്ച ഒരേയൊരു ഇന്ത്യന്‍ താരമാണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍. വിജയത്തോടെ ഡയമണ്ട് ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും ശ്രീശങ്കറിന് കഴിഞ്ഞു. ജാവലിൻത്രോ താരം നീരജ് ചോപ്ര, ഡിസ്‌കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് ശ്രീശങ്കറിന് മുന്നെ പ്രസ്‌തുത നേട്ടം കൈവരിച്ചിട്ടുള്ളത്.
താരത്തിന്‍റെ കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗിലും ശ്രീശങ്കര്‍ മത്സരിച്ചിരുന്നു. അന്ന് 7.94 മീറ്റർ മാത്രം ചാടാന്‍ കഴിഞ്ഞ താരം ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്‌തത്.
അതേസമയം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8.08 മീറ്റർ ചാടിക്കൊണ്ടായിരുന്നു ശ്രീശങ്കര്‍ വെള്ളി നേടിയത്. കരീബിയന്‍ രാജ്യമായ ബഹമാസിന്‍റെ ലക്വാൻ നെയ്‌നായിരുന്നു സ്വര്‍ണം നേടിയത്. 8.08 മീറ്റര്‍ തന്നെയാണ് ലക്വാനും ചാടന്‍ കഴിഞ്ഞിരുന്നത്.
ഇതോടെ ഇരുവരുടേയും മികച്ച രണ്ടാമത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജയിയെ നിശ്ചിയിച്ചത്. ലക്വാനിന്‍റെ രണ്ടാമത്തെ മികച്ച പ്രകടനം 7.98 മീറ്ററായപ്പോള്‍ 7.84 മീറ്ററായിരുന്നു ശ്രീശങ്കറിന്‍റെ രണ്ടാമത്തെ മികച്ച പ്രകടം.