ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2023ല്‍ വെള്ളിത്തിളക്കവുമായി മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ (M Sreeshankar). ബാങ്കോക്കില്‍ നടക്കുന്ന ചാമ്പ്യന്‍ഷിന്‍റെ പുരുഷ വിഭാഗം ലോങ് ജംപില്‍ 8.37 മീറ്റര്‍ ദൂരം ചാടിയാണ് എം ശ്രീശങ്കര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മത്സരത്തില്‍ മികച്ച ഫോം പുലര്‍ത്തിയ ശ്രീശങ്കര്‍ അവസാന ശ്രമത്തിലാണ് 'വെള്ളി ദൂരം' കണ്ടെത്തിയത്.
മികച്ച രണ്ടാമത്തെ പ്രകടനം:മലയാളി താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ജൂണില്‍ ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഇന്‍റർസ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.41 മീറ്റര്‍ ദൂരം കണ്ടെത്തിയതാണ് 24കാരന്‍റെ കരിയറിലെ ഇതേവരയുള്ള മികച്ച ദൂരം. ഈ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റിൽ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും ശ്രീശങ്കര്‍ യോഗ്യത നേടിയിരുന്നു.
എല്ലാ ശ്രമങ്ങളിലും എട്ട് കടന്നു:ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ തന്‍റെ എല്ലാ ശ്രമങ്ങളിലും എട്ട് മീറ്റര്‍ ദൂരം പിന്നിടാന്‍ ശ്രീശങ്കറിന് കഴിഞ്ഞിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആദ്യ ശ്രമത്തില്‍ 8.10 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. രണ്ടാം ചാട്ടത്തില്‍ 8.12 മീറ്ററും മൂന്നാം ശ്രമത്തില്‍ 8.11 മീറ്ററും കണ്ടെത്തിയ ശ്രീശങ്കര്‍ അഞ്ചാം ചാട്ടത്തില്‍ ഇതു 8.13 മീറ്ററിലേക്ക് എത്തിച്ചു. തുടര്‍ന്നായിരുന്നു താരം 8.37 മീറ്ററിലേക്ക് കുതിച്ചത്.
ഒളിമ്പിക്‌സിനും യോഗ്യത:ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി നേട്ടത്തിന് പുറമെ 2024-ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കാനും ഈ പ്രകടനത്തോടെ മലയാളി താരത്തിന് കഴിഞ്ഞിട്ടുണ്ട്. 8.27 മീറ്ററായിരുന്നു പാരീസ് ഗെയിംസിനുള്ള യോഗ്യത ദൂരം. ഇതിനപ്പുറം വിദേശത്ത് ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും നീളം കൂടിയ ചാട്ടമെന്ന റെക്കോഡും ശ്രീശങ്കര്‍ തിരുത്തി എഴുതി.
കഴിഞ്ഞ വർഷം ഗ്രീസിലെ കല്ലിത്തിയയിൽ 8.31 ദൂരം കണ്ടെത്തിയ തന്‍റെ തന്നെ റെക്കോഡാണ് മലയാളി താരം മാറ്റി എഴുതിയത്. 8.40 മീറ്റർ ചാടി ചൈനീസ് തായ്‌പേയിയുടെ ടാങ് ലിൻ യുവാണ് സ്വര്‍ണം നേടിയത്. അതേസമയം അടുത്തിടെ പാരിസ് ഡയമണ്ട് ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ ശ്രീശങ്കറിന് കഴിഞ്ഞിരുന്നു. 8.09 മീറ്റർ ദൂരം ചാടിയായിരുന്നു മലയാളി താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
ലോകത്തെ മുന്‍നിര താരങ്ങള്‍ അണി നിരന്ന ലീഗില്‍ തന്‍റെ മൂന്നാം ശ്രമത്തിലായിരുന്നു കോമൺവെൽത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കര്‍ മൂന്നാം സ്ഥാനം ഉറപ്പിച്ച ദൂരം കണ്ടെത്തിയത്. ഒളിമ്പിക്‌സ് ചാമ്പ്യനായ ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്‍റഗ്ലൂവായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. 8.13 മീറ്റർ ചാടിക്കൊണ്ടായിരുന്നു ഗ്രീസ് താരത്തിന്‍റെ നേട്ടം. 8.11 മീറ്റര്‍ ചാടിയ സ്വിറ്റ്സർലൻഡിന്‍റെ സൈമൺ ഇഹാമറാണ് രണ്ടാം സ്ഥാനം നേടിയത്.
വിജയത്തോടെ ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവാനും പാലക്കാട്ടുകാരനായ ശ്രീശങ്കറിന് കഴിഞ്ഞു. ജാവലിൻത്രോ താരം നീരജ് ചോപ്ര, ഡിസ്‌കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് ശ്രീശങ്കറഇന് മുന്നെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഏഷ്യന്‍ ഗെയിംസാണ് ഇനി ശ്രീശങ്കറിനെ കാത്തിരിക്കുന്നത്. സെപ്‌റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് ചൈനയാണ് ആതിഥേയരാവുന്നത്.