മുംബൈ :കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വീണ്ടുമൊരു കൂടുമാറ്റം. യുവ ഡിഫന്‍ഡര്‍ സഞ്ജീവ് സ്റ്റാലിനെ മുംബൈ സിറ്റി എഫ്‌സിയാണ് സ്വന്തമാക്കിയത്. 2026 വരെ നാല് വർഷക്കരാറിലാണ് 21- കാരനായ യുവതാരം മുംബൈക്കൊപ്പം ചേരുന്നത്. സഞ്ജീവ് സ്റ്റാലിന്‍റെ ട്രാന്‍സ്‌ഫര്‍ തുകയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയോ മുംബൈ സിറ്റി എഫ് സിയോ പുറത്തുവിട്ടിട്ടില്ല.
മൂന്ന് വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ സഞ്ജീവ്, ഒരു സീസണ്‍ മാത്രം കളിച്ചശേഷമാണ് ബ്ലാസ്റ്റഴ്‌സ് വിടുന്നത്. 2021 മാർച്ച് പതിനെട്ടാം തീയതിയായിരുന്നു യുവ ലെഫ്റ്റ്ബാക്ക് താരമായ സഞ്ജീവുമായി കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പുവച്ചിരുന്നത്.
സ്റ്റാലിൻ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതോടെയാണ് താരം ശ്രദ്ധയാകർഷിച്ചത്. അണ്ടർ 20 തലത്തിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തുടർന്ന് ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസിനായി ബൂട്ടണിഞ്ഞ താരം 28 മത്സരങ്ങളിൽ കളത്തിലിറങ്ങി. തുടർന്ന് പോർച്ചുഗൽ ലീഗ് ടീമായ ഡിപോർട്ടീവോ ഏവ്‌സ് അണ്ടർ -23 ടീമിനായി കളിക്കുകയും തുടർന്ന് മൂന്നാം ഡിവിഷൻ ക്ലബ്ബായ സെർട്ടാനൻസിനുവേണ്ടി ലോണടിസ്ഥാനത്തില്‍ ബൂട്ടണിയുകയും ചെയ്‌തു. പിന്നീട് 2021 ലാണ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്.
സീസണില്‍ ക്ലബ് വിടുന്ന എട്ടാമത്തെ താരമാണ് സഞ്‌ജീവ്. അൽവാരോ വാസ്ക്വസ്, വിൻസി ബാരറ്റോ, ചെഞ്ചോ ഗിൽഷൻ, ആൽബിനോ ഗോമസ്, സെയ്ത്യാസെൻ സിംഗ്, എനസ് സിപോവിച്ച് എന്നിവരും ഈ സീസണിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. വിദേശതാരമായ പെരേര ഡയസ് കഴിഞ്ഞ ആഴ്ച ടീം വിടുന്നതായും അറിയിച്ചിരുന്നു. ഇപ്പോള്‍ സഞ്ജീവും മഞ്ഞപ്പട വിട്ടു.
21കാരനായ സഞ്ജീവ് കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. സഞ്ജീവിന് ആശംസകള്‍ നേരുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അതേസമയം ഭാവി വാഗ്‌ദാനമായി വിലയിരുത്തപ്പെട്ട താരത്തെ കൈവിട്ടതില്‍ ആരാധകര്‍ക്കിടയില്‍ സമ്മിശ്ര വികാരമാണുള്ളത്.