മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തരായ മുംബൈ സിറ്റിക്ക് മുന്നിൽ പ്രതിരോധം മറന്നതോടെ തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ 22 മിനുട്ടകൾക്കകം നേടിയ നാല് ഗോളുകളാണ് മുംബൈയ്‌ക്ക് ലീഗിൽ തുടർച്ചയായ എട്ടാം വിജയം സമ്മാനിച്ചത്. ഇരട്ടഗോളുകളുമായി തിളങ്ങിയ മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ്, ഗ്രെഗ് സ്റ്റുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരാണ് ആതിഥേയരുടെ വിജയം ആധികാരിമാക്കിയത്.
സീസണില്‍ 13 മത്സരങ്ങളില്‍ തോല്‍വിയില്ലാതെ കുതിക്കുകയാണ് മുംബൈ. തോൽവിയോടെ മഞ്ഞപ്പടയുടെ അപരാജിതക്കുതിപ്പിനാണ് മുംബൈ അന്ത്യംകുറിച്ചത്. പ്രതിരോധത്തിലെ പിഴവുകളാണ് അവസാന എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെ മുംബൈ നേരിടാനെത്തിയ ബ്ലാസ്റ്റേഴ്‌സിന് വിനയായത്.
മത്സരത്തിന് വിസിൽ മുഴങ്ങി നാല് മിനുട്ടുകൾക്കകം തന്നെ മുംബൈ സിറ്റി ആദ്യ വെടിപൊട്ടിച്ചു. ഇടത് വിങ്ങിൽ നിന്നും ബിപിന്‍ സിങ് ഉതിർത്ത ഷോട്ട് ഗോൾകീപ്പർ ഗിൽ തടഞ്ഞെങ്കിലും റീബൗണ്ടില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസ് മുംബൈയെ മുന്നിലെത്തിച്ചു. പിന്നാലെ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ ലാച്ചെന്‍പ മുംബൈയുടെ രക്ഷക്കെത്തി.
10-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മുംബൈ വീണ്ടും ലീഡുയര്‍ത്തി. വലത് വിങ്ങില്‍ നിന്നും ചാങ്തെയുടെ ക്രോസിൽ നിന്നും ഹെഡറിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ട് ഗില്ലിനെ കീഴടക്കി. അഞ്ച് മിനുട്ടുകൾക്കം പെരേര ഡയസ് നല്‍കിയ പാസിൽ നിന്നും ബിപിന്‍ തൊടുത്തുവിട്ട ഷോട്ട് മഴവില്ലുപോലെ വളഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിന്‍റെ വലത് മൂലയില്‍ ചെന്ന് പതിച്ചു. ഇതോടെ മഞ്ഞപ്പട തകർന്നു.
22-ാം മിനുറ്റില്‍ അഹമ്മദ് ജാഹുവിന്‍റെ പാസിൽ പെരേര ഡയസ് മുംബൈയുടെ ഗോള്‍ നാലാക്കി. ജാഹു നീട്ടിനല്‍കിയ പന്തില്‍ ഡയസിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വിക്‌ടര്‍ മോംഗിലിന്‍റെ കാലില്‍ തട്ടി ഡിഫ്ലക്‌റ്റായാണ് ഗില്ലിനെ മറികടന്നത്. ഇതോടെ തകർച്ചയിലേക്ക് വീണ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നിർബന്ധിതരായി.
ആദ്യപകുതിയിലെ നാല് ഗോളുകളുടെ കടവുമായി രണ്ടാം പകുതിക്കിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചു. പിന്നാലെ രാഹുലിന് പകരം സൗരവ് മണ്ടൽ, സഹലിന് പകരം ബ്രൈസ് മിറാണ്ട, കല്യൂഷ്‌നിയെ പിന്‍വലിച്ച് അപ്പോസ്‌തലോസ് ജിയാനു എന്നിവരെയും പരിശീലകൻ വുകമനോവിച്ച് കളത്തിലറക്കിയെങ്കിലും ഗോളൊന്നും കണ്ടെത്താനായില്ല. ഇതോടെ സീസണിലെ നാലാം തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് മുന്നിൽ കീഴടങ്ങിയിരുന്നു.