റിയാദ്:എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ചരിത്രജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ തോൽപ്പിച്ചത്. ഈ ജയത്തോടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന റെക്കോഡും സ്വന്തമാക്കി.
ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് മുംബൈ സിറ്റിയുടെ വിജയം. ഡീഗോ മൗറീസിയോയും രാഹുല്‍ ബെക്കേയുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഹമ്മാദി അഹ്‌മദാണ് എയര്‍ ഫോഴ്‌സിന്‍റെ ഗോള്‍ നേടിയത്.
19 ഷോട്ടുകൾ ഉതിർത്ത എയർ ഫോഴ്‌സ് ക്ലബിന് തന്നെയായിരുന്നു മത്സരത്തിൽ മുൻതുക്കം. എന്നാല്‍ ഒരെണ്ണം മാത്രമാണ് ഗോള്‍വര കടന്നത്. മറുവശത്ത് മുംബൈ ആകെ അഞ്ച് ഷോട്ടുകൾ മാത്രമാണ് മുംബൈ ലക്ഷ്യത്തിലേക്ക് പായിച്ചത്. ബോൾ പൊസിഷനിലും ഇറാഖി ക്ലബാണ് മുന്നിട്ട് നിന്നത്.