'മുച്ചാച്ചോസ്, വി കാന്‍ ഡ്രീം എഗെയ്‌ന്‍'.. കൂട്ടുകാരെ നമുക്ക് വീണ്ടും സ്വപ്‌നം കാണാം.. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനന്‍ താരങ്ങളുടെ ചങ്കില്‍ തീ പകര്‍ന്ന ഈ ഗാനം ഫുട്‌ബോള്‍ ആരാധകര്‍ ഉടനടി മറക്കാനിടയില്ല. ഖത്തറില്‍ മോഹക്കപ്പ് തേടിയെത്തിയ ടീമിനൊപ്പം ഒരു രാജ്യത്തിന്‍റെ പ്രതീക്ഷകളത്രയും പേറിയാണ് ഗാലറിയിലെ ആരവങ്ങളായി ഈ ഗാനം മുഴങ്ങിയത്.
ഒടുവില്‍ കിരീടം നേടിയ മടങ്ങിയെത്തിയപ്പോഴും മിശിഹയേയും സംഘത്തേയും സ്വീകരിക്കാനെത്തിയപ്പോഴും ഇതേ വരികളാണ് ആര്‍ത്തിരമ്പുന്ന ജനക്കൂട്ടം മുഴക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനന്‍ ആരാധകരുടെ അനൗദ്യോഗിക ഗാനമായ 'മുച്ചാച്ചോസ്' റോക്ക് ബാൻഡ് ലാ മോസ്‌ക സെയുടെ നിന്നും കടം കൊണ്ടതാണ്. 2003ല്‍ പുറത്തിറങ്ങിയ ഗാനത്തിന്‍റെ വരികള്‍ തിരുത്തി എഴുതിയാണ് ദേശസ്‌നേഹത്തിന്‍റെയും പ്രതീക്ഷയുടെയും അലയൊലികള്‍ നിറഞ്ഞ ഇന്നത്തെ ഗാനം പിറന്നത്.
ജീവിതാസക്തി തേടുന്നതാണ് മുച്ചാച്ചോസിന്‍റെ ആദ്യ രൂപം. ക്ലബ് ഫുട്ബോൾ ആരാധകർ ഏറ്റെടുത്ത ഈ ഗാനം അധ്യാപകനായ ഫെർണാണ്ടോ റൊമേറോയാണ് ഫുട്‌ബോളിന്‍റെ പ്രതീക്ഷയും വീറും നല്‍കി ഈ വര്‍ഷം മാറ്റി എഴുതിയത്.
ദേശീയ ടീമിന് സമര്‍പ്പിച്ച ഈ ഗാനം തീ ആയാണ് രാജ്യത്ത് പടര്‍ന്നത്. ‘സ്പോട്ടിഫൈ’യിൽ കഴിഞ്ഞ ദിവസം നമ്പർ വൺ ആയിരുന്നുവിത്. ഒറ്റദിവസം അഞ്ചു ലക്ഷം പേരാണ് രാജ്യത്ത് മാത്രം ഈ പാട്ട് കേട്ടത്.
മറഡോണയുടേയും മെസിയുടേയും നാട്ടില്‍ പിറന്നതിലെ അഭിമാനവും, 2014ലെ ലോകകപ്പില്‍ കയ്യകലത്തില്‍ നഷ്‌ടമായ കിരീടത്തിന്‍റെ വേദനയും പങ്കുവച്ചാണ് ഗാനം തുടങ്ങുന്നത്. 2021ല്‍ മാറക്കാനയില്‍ കിരീടമുയര്‍ത്തിയതോടെ (കോപ്പ) സങ്കടങ്ങള്‍ തീര്‍ന്നുവെന്നും ഇനി വീണ്ടുമൊരു കിരീടം സ്വപ്‌നം കാണാമെന്നും പറയുന്ന ഗാനം ഡീഗോ സ്വര്‍ഗത്തിലിരുന്ന് മെസിയേയും സംഘത്തേയും അനുഗ്രഹിക്കുമെന്ന വരികളോടെയാണ് അവസാനിക്കുന്നത്.
ഈ ഗാനം തനിക്ക് ഏറെ പ്രിയപപ്പെട്ടതാണെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി അടുത്തിടെ അർജന്റൈന്‍ മാധ്യമമായ ഒലെയോട് പറഞ്ഞിരുന്നു. ഖത്തര്‍ ലോകകപ്പിന്‍റെ മധുരത്തോടൊപ്പം മുച്ചാച്ചോസിന്‍റെ ഇമ്പവും പതിറ്റാണ്ടുകളോളം അര്‍ജന്‍റൈന്‍ ജനതയുടെ മനസിലുണ്ടാവുമെന്നതില്‍ തര്‍ക്കമ്മില്ല.
ALSO READ:Watch: 'നന്ദി ഡീഗോ... സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്'; വൈകാരികമായ വീഡിയോ പങ്കുവച്ച് ലയണല്‍ മെസി