ബ്രസൽസ് : മുൻ മൊറോക്കൻ ടെന്നീസ് താരം യൂനുസ് റാച്ചിഡിക്ക് മത്സര രംഗത്ത് ആജീവനാന്ത വിലക്ക്. ഇന്‍റർനാഷണൽ ടെന്നീസ് ഇന്‍റഗ്രിറ്റി ഏജൻസി ( ഐടിഐഎ) യാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. കരിയറിലാകെ 135 മത്സരങ്ങളിൽ ഒത്തുകളിച്ചെന്ന ആരോപണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരത്തിനെതിരെ നടപടി. ഒരു താരത്തിന് മേൽ ചുമത്തപ്പെടുന്ന റെക്കോഡ് നിമയലംഘനങ്ങളാണ് റാച്ചിഡി നടത്തിയതെന്നാണ് കണ്ടെത്തൽ.
വിലക്കിന് പുറമെ 34000 ഡോളർ ( 28 ലക്ഷം രൂപ) പിഴയായും 36-കാരനായ റാച്ചിഡി അടയ്‌ക്കേണ്ടി വരും. എടിപി ഡബിൾസ് വിഭാഗത്തിൽ 473-ാം റാങ്കിലുള്ള താരമാണ് യൂനുസ് റാച്ചിഡി. ടെന്നീസുമായി യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനാകാത്ത വിധമുള്ള വിലക്കാണ് താരത്തിന് ഏർപ്പെടുത്തിയത്.
ടെന്നീസ് അസോസിയേഷനുകൾ അംഗീകരിച്ച ടൂർണമെന്‍റുകളിൽ കളിക്കാനോ, പരിശീലകനാകാനോ കഴിയില്ല. ടെന്നീസുമായി ബന്ധപ്പെട്ട സംഘടനകൾ നടത്തുന്ന പരിപാടികളിലും ഇനി മുതൽ താരത്തിന് പങ്കെടുക്കാനാവില്ല.ഐടിഐഎ വിലക്കേർപ്പെടുത്തിയ രണ്ട് അൾജീരിയൻ താരങ്ങളുമായി റാച്ചിഡി അടുത്തിടെ ഒത്തുകളിയിൽ ഏർപ്പെട്ടിരുന്നു.
ഈ താരങ്ങളെയും അസോസിയേഷൻ വിലക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ ബെൽജിയം ആസ്ഥാനമായ ഐടിഐഎയുമായി ചേർന്ന് നിയമപാലകർ നടത്തിയ അന്വേഷണത്തിലാണ് ഒത്തുകളി കണ്ടെത്തിയത്. അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥനായ ജാനി സൗബ്ലിയേറാണ് കേസിൽ വിധി പറഞ്ഞത്. 135 ലംഘനങ്ങൾ എന്നത് അങ്ങേയറ്റം മോശമായ കാര്യമാണ് എന്നതായിരുന്നു വിധിപ്രസ്താവത്തിലെ സുപ്രധാന ഭാഗം.
വെളിപ്പെടുത്തലുമായി ഒലിവർ ഗോൾഡിംഗും : 2015 ൽ ഗ്രീസിൽ നടന്ന ഫ്യൂച്വര്‍ ടൂർണമെന്‍റിനിടെ ഒത്തുകളിക്കായി തന്നെ സമീപിച്ചിരുന്നുവെന്ന് ബ്രിട്ടീഷ് ടെന്നീസ് താരം ലിവർ ഗോൾഡിംഗ് വെളിപ്പെടുത്തി. ഇങ്ങനെയൊരു ഓഫറുമായി താരത്തെ സമീപിച്ചത് ഏജന്‍റുമാരായിരുന്നില്ല. അതേ മത്സരത്തിൽ ഗോൾഡിങ്ങിന്‍റെ എതിരാളിയായിരുന്ന ഗ്രീസ് താരം അലക്‌സാന്ദ്രോസ് ജാകുപോവിച്ച് ആയിരുന്നു. മത്സരത്തിലെ ആദ്യ സെറ്റ് തോറ്റുകൊടുക്കണമെന്നും പിന്നീട് വേണമെങ്കിൽ ജയം നേടണം എന്നുമായിരുന്നു ജാകുപോവിച്ച് ഗോൾഡിങ്ങിന് നൽകിയ നിർദേശം. ഇതിനായി 2000 യൂറോ (ഏകദേശം 1.54 ലക്ഷം രൂപ) പ്രതിഫലം നൽകുമെന്നായിരുന്നു വാഗ്‌ദാനം.
ടെന്നീസിൽ നിന്ന് വിലക്കിയ താരങ്ങൾ : 2015ൽ ഗ്രീസ് താരം അലക്‌സാന്ദ്രോസ് ജാകുപോവിച്ചിന് ആജീവനാന്ത വിലക്ക് നേരിട്ടിരുന്നു. എന്നാൽ അലക്‌സാന്ദ്രോസ് ഏത് താരങ്ങളുമായിട്ടാണ് ഒത്തുകളി നടത്തിയതെന്ന് വ്യക്തമല്ല. വാതുവയ്പ്പ് നിരീക്ഷിക്കുന്ന യൂറോപ്യൻ സ്‌പോർട്‌സ് സെക്യൂരിറ്റി അസോസിയേഷന്‍റെ റിപ്പോർട്ടും ഇത് സ്ഥിരീകരിച്ചിരുന്നു. 2017 ൽ സംശയാസ്‌പദമായ 53 വാതുവയ്പ്പ് കേസുകൾ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്‌തമാക്കുന്നു.
ഈ കേസുകളിൽ പകുതിയിലധികവും ടെന്നീസ് മാത്രമായിരുന്നു. 31 കേസുകളാണ് ടെന്നീസിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. അഞ്ച് കായിക ഇനങ്ങളിലെ ഓൺലൈൻ വാതുവയ്പ്പ് പ്രവണതകളുടെ അടിസ്ഥാനത്തിലാണ് സംഘടന ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ടെന്നീസിന് പിന്നാലെ ഫുട്ബോളിലും ഒത്തുകളി കേസുകളുടെ എണ്ണം ഉയർന്നു. ഇതിൽ സംശയാസ്പദമായ 15 വാതുവയ്‌പ്പ് കേസുകളാണ് ഫുട്‌ബോളിൽ കണ്ടെത്തിയത്. ബാസ്‌ക്കറ്റ് ബോളിൽ അഞ്ചും ഹാൻഡ് ബോളിലും വോളിബോളിലും ഓരോന്നുവീതവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.