കേരളം

kerala

ETV Bharat / sports

ബർമിങ്‌ഹാമിലേക്ക്‌ പറക്കാനൊരുങ്ങി അജ്‌മൽ; ലക്ഷ്യം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡൽ

ഇത്തവണത്തെ കോമൺവെൽത്തിന് യോഗ്യത നേടുന്ന രണ്ടാമത്തെ പാലക്കാട്ടുകാരനാണ് അജ്‌മൽ. 4x400 മീറ്റർ റിലേയിലാണ് താരം മത്സരിക്കുക

ബർമിങ്ഹാമിലേക്ക്‌ പറക്കാനൊരുങ്ങി അജ്‌മൽ  വി മുഹമ്മദ് അജ്‌മൽ  കോമൺവെൽത്ത് ഗെയിംസ്  കോമൺവെൽത്ത് ഗെയിംസ് 2022  Commonwealth Games  കോമണ്‍വെൽത്ത് ഗെയിംസിനായുള്ള ഇന്ത്യൻ ടീം  കോമണ്‍വെൽത്ത് ഗെയിംസിൽ യോഗ്യത നേടി ഇന്ത്യൻ താരങ്ങൾ  Mohammed Ajmal prepares for Commonwealth Games
ബർമിങ്‌ഹാമിലേക്ക്‌ പറക്കാനൊരുങ്ങി അജ്‌മൽ; ലക്ഷ്യം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡൽ

By

Published : Jun 21, 2022, 5:07 PM IST

പാലക്കാട്:ഇംഗ്ലീഷ്‌ മണ്ണിൽ പാലക്കാടൻ വീര്യം പുറത്തെടുക്കാൻ അജ്‌മൽ ബർമിങ്‌ഹാമിലേക്ക്‌. കോമൺവെൽത്ത് ഗെയിംസിൽ 4x400 മീറ്റർ റിലേക്കാണ്‌ ചെർപ്പുളശ്ശേരി മാരായമംഗലം വെരിയത്തൊടി വീട്ടിൽ വി.മുഹമ്മദ് അജ്‌മൽ ട്രാക്കിലിറങ്ങുക. ജൂലെെ 28 മുതൽ ആഗസ്റ്റ് എട്ട് വരെ നടക്കുന്ന ഗെയിംസിനായി അടുത്തമാസം പകുതിയോടെ താരം ഇന്ത്യൻ സംഘത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് തിരിക്കും.

ഇത്തവണത്തെ കോമൺവെൽത്തിന് യോഗ്യത നേടുന്ന രണ്ടാമത്തെ പാലക്കാട്ടുകാരനാണ് അജ്‌മൽ. ശ്രീശങ്കറാണ്‌ മറ്റൊരു താരം. 400 മീറ്ററിൽ മികവുറ്റ പ്രകടനമാണ്‌ സമീപ കാലത്ത് അജ്‌മലിന്‍റേത്. ചെന്നൈയിൽ നടന്ന യോഗ്യതാ മത്സരത്തിൽ മികച്ച സമയം കണ്ടെത്തി. അതിന് മുമ്പ് തുർക്കിയിൽ നടന്ന ചാമ്പ്യൻഷിപ്പിലും മിന്നുന്ന പ്രകടനം കാഴ്‌ചവച്ചിരുന്നു.

46.04 സെക്കൻഡായിരുന്നു തുർക്കിയിലെ പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യൻ റിലേ ടീമിലേക്ക് അജ്‌മലിനെ എത്തിച്ചത്. നിലവിൽ തിരുവനന്തപുരത്തെ ക്യാമ്പിൽ കഠിന പരിശീലനത്തിലാണ് അജ്‌മൽ. കല്ലടി കോളജിലെ ബിരുദ പഠനകാലമാണ്‌ അജ്‌മലിന്‍റെ കായിക ജീവിതത്തിൽ വഴിത്തിരിവായത്‌. ജില്ലാ ഫുട്‌ബോൾ താരമായിരുന്ന അജ്‌മൽ പിന്നീടാണ് അത്‍ലറ്റിക്‌സിലേക്ക് കളംമാറിയത്‌.

കോതമംഗലം എംഎ കോളജിലെ പഠനമാണ് അജ്‌മലിലെ ഓട്ടക്കാരനെ രാകി മിനുക്കിയത്. അജ്‌മലിന്‍റെ മൂന്നാമത്തെ രാജ്യാന്തര വേദിയാണ്‌ കോമൺവെൽത്ത്. നേരത്തെ ഇറ്റലിയിലെ നപ്പോളിയിൽ നടന്ന വേൾഡ് യൂണിവേഴ്‌സിറ്റി മീറ്റിലും ബൂട്ട്‌ കെട്ടിയിരുന്നു. ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന കുഞ്ഞാലിയാണ് അജ്‌മലിന്‍റെ പിതാവ്. അമ്മ അയിഷ. റഷ്യക്കാരിയായ ഗലീനയാണ് അജ്‌മലിന്‍റെ പരിശീലക.

കേരളത്തിൽ നിന്ന് 10 പേരാണ് കോമൺവെൽത്തിന് യോഗ്യത നേടിയിട്ടുള്ളത്. എം ശ്രീശങ്കര്‍, മുഹമ്മദ് അനീസ് യഹിയ (ലോങ് ജമ്പ്‌), അബ്‌ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജമ്പ്‌), നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്‌മല്‍, അമോജ് ജേക്കബ് (4 x 400 റിലേ), ആന്‍സി സോജന്‍ (ലോങ് ജമ്പ്‌), എം.വി. ജില്‍ന, എന്‍.എസ്. സിമി (4 x 400 റിലേ) എന്നിവരാണ്‌ ഇംഗ്ലണ്ടിലേക്ക്‌ പറക്കാനൊരുങ്ങുന്ന മലയാളികൾ.

ABOUT THE AUTHOR

...view details