ലണ്ടന്‍: ലിവര്‍പൂളിന്‍റെ എക്കാലത്തെയും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തിയത് അഭിമാനമാണെന്ന് സ്‌ട്രൈക്കര്‍ മുഹമ്മദ് സല. ഇംഗ്ലീഷ് ക്ലബുമായി ദീര്‍ഘ കാലത്തേക്ക് കരാര്‍ പുതുക്കിയതിന് പിന്നാലെയാണ് ഈജിപ്‌ഷ്യന്‍ താരത്തിന്‍റെ പ്രതികരണം. 2023ൽ അവസാനിക്കാനിരുന്ന കരാറാണ് താരം പുതുക്കിയത്.
ലിവര്‍പൂളിനായി ഏറ്റവും പ്രധാനപ്പെട്ട ട്രോഫികൾ നേടുക എന്നതാണ് ലക്ഷ്യമെന്നും, ക്ലബിനൊപ്പം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും സല പറഞ്ഞു. 2017ല്‍ ലിവര്‍പൂളില്‍ എത്തിയ സല ഇതുവരെ 254 മത്സരങ്ങളില്‍ നിന്നും 156 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 346 ഗോളുകള്‍ നേടിയ ഇയാൻ റഷാണ് ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം.
റോജർ ഹണ്ട്, ഗോർഡൻ ഹോഡ്‌സൺ, ബില്ലി ലിഡെൽ, സ്റ്റീവൻ ജെറാർഡ്, റോബി ഫൗളർ, കെന്നി ഡാൽഗ്ലിഷ്, മൈക്കൽ ഓവൻ എന്നീ താരങ്ങളാണ് പട്ടികയില്‍ സലായ്‌ക്ക് മുന്നിലുള്ളത്. അതേസമയം കഴിഞ്ഞ സീസണില്‍ ക്ലബിന്‍റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്ന സെനഗല്‍ താരം സാദിയോ മാനെ ബയേണിലേക്ക് ചേക്കേറിയിരുന്നു. ലിവര്‍പൂളുമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് മാനെ ജര്‍മനിയിലേക്ക് കൂടുമാറിയത്.
2016ല്‍ സതാംപ്‌ടണില്‍ നിന്നും ലിവര്‍പൂളില്‍ എത്തിയ മാനെ ക്ലബിന്‍റെ 2019 മുതലുള്ള കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു. മാനെയ്‌ക്ക് പകരക്കാരനായി ഉറുഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ലിവര്‍പൂള്‍ കൂടാരത്തില്‍ എത്തിക്കുകയും ചെയ്‌തു.