മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിനിടെ തിരുവനന്തപുരം :കേരളത്തിൻ്റെ സാഹസിക ടൂറിസം അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധയാകർഷിക്കുന്നതിനായി ഇന്‍റർനാഷണൽ മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിന്‍റെ ഭാഗമായി ഇന്‍റർനാഷണൽ പാരാഗ്ലൈഡിങ്, ഇന്‍റർനാഷണൽ സർഫിങ്, ഇന്‍റർനാഷണൽ മൗണ്ടെെൻ സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾ, മലബാർ റിവർ ഫെസ്റ്റിവൽ 2024 എന്നിവ വിവിധ ഇടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു (Kerala's adventure tourism).
ഈ വർഷം മാർച്ച് 14, 15, 16, 17 തിയതികളിൽ ഇടുക്കി ജില്ലയിലെ വാഗമണിൽ ആണ് ഇന്‍റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടത്തുക. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായും പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
അന്തർദേശീയ, ദേശീയ തലങ്ങളില്‍ പ്രശസ്‌തരായ ഗ്ലെെഡർമാർ മത്സരത്തിൽ പങ്കെടുക്കും. 15ൽ അധികം രാജ്യങ്ങൾ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതായും മന്ത്രി അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെയും ഡൽഹി, ഹിമാചൽപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക, തമിഴ്‌നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഉണ്ടാകും.
മിനി എക്‌സ് സി മത്സരം, സ്‌പോട്ട് ലാൻഡിങ് അറ്റ് ടോപ്പ് ലാൻഡിങ് സ്‌പോട്ട്, മിനി ആക്രോബാറ്റിക്‌സ് ഷോ, ഹൈക്ക് ആൻഡ് ഫ്ലൈ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, തെർമലിംഗ് എന്നീ ഇനങ്ങളിലായാണ് മത്സരം നടക്കുക. ഇതുകൂടാതെ മാർച്ച് 29, 30, 31 തിയതികളിൽ വർക്കലയിൽ ഇന്‍റർനാഷണൽ സർഫിങ് ഫെസ്റ്റിവലും നടക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും തിരുവനന്തപുരം ഡിടിപിസിയും സഹകരിച്ച് സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് അന്താരാഷ്‌ട്ര സർഫിങ് അസോസിയേഷൻ മത്സരം സംഘടിപ്പിക്കുന്നത്.
2024 കലണ്ടർ വർഷത്തെ ആദ്യത്തെ ദേശീയ സർഫിങ് ചാമ്പ്യൻഷിപ്പ് ഇവന്‍റാകും ഇത്. ഇന്ത്യയിൽ സർഫിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ പ്രധാന സർഫിങ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഏപ്രിൽ 26, 27, 28 തിയതികളിൽ വയനാട് ജില്ലയിലെ മാനന്തവാടിയിൽ വച്ച് ഇന്‍റർനാഷണൽ മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പും നടക്കും.
പ്രിയദർശിനി ടി പ്ലാന്‍റേഷനില്‍ 3000 അടി ഉയരത്തില്‍, നീണ്ടുകിടക്കുന്ന അഞ്ച് കിലോമീറ്റർ ട്രാക്കിലാണ് മത്സരം. ഇതുകൂടാതെ ജൂലൈ 25, 26, 27, 28 തിയതികളിൽ മലബാർ റിവർ ഫെസ്റ്റിവലും സംഘടിപ്പിക്കും. കോഴിക്കോട് വച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
അന്തർദേശീയ കയാക്കിങ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. ചാരിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആയി കയാക്ക് സ്ലാലോ, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുകയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.