മിഡിൽസ്ബ്രോ:പ്രധാന പരിശീലകനായി ചുമതലയേറ്റെടുത്ത ആദ്യ സീസണിൽ തന്നെ അത്ഭുതങ്ങൾ തീർക്കുകയാണ് മൈക്കിള്‍ കാരിക്ക്. മിഡിൽസ്‌ബ്രോയുടെ മുഖ്യ പരിശീലകനായി കാരിക്ക് ചുമതലയേറ്റതോടെ റിലഗേഷൻ ഭീഷണിയിൽ ആയിരുന്ന ക്ലബ് ഇപ്പോൾ ചാമ്പ്യൻഷിപ്പിന്‍റെ പ്ലേ ഓഫ് സെമിയിൽ എത്തിയിരിക്കുകയാണ്. കാരിക്കിന് കീഴിൽ മിഡിൽസ്‌ബ്രോ നടത്തുന്ന പ്രകടനം അവിസ്‌മരണീയമാണ്.
മുഖ്യ പരിശീലകനായി കാരിക്ക് ചുമതലയേൽക്കുന്ന ആദ്യ ക്ലബാണ് മിഡിൽസ്‌ബ്രോ. 2022 ഒക്‌ടോബറിലാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും സഹപരിശീലകനുമായിരുന്ന കാരിക്ക് ചാമ്പ്യൻഷിപ്പ് ക്ലബ് മിഡിൽസ്‌ബ്രോയുടെ പരിശീലകനായെത്തുന്നത്. ആ സമയത്ത് ഇഎഫ്‌എൽ ചാമ്പ്യൻഷിപ്പിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് വെറും 17 പോയിന്‍റുമായി 21-ാം സ്ഥാനത്തായിരുന്നു ക്ലബ്. തരംതാഴ്‌ത്തൽ മേഖലയ്‌ക്ക് ഒരു പോയിന്‍റ് മാത്രം മുകളിലായിരുന്നു സ്ഥാനം.
എന്നാൽ ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ മിഡിൽസ്ബ്രോ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരിക്കുകയാണ്. 46 മത്സരങ്ങളിൽ നിന്ന് 75 പോയിന്‍റ് നേടിയാണ് ക്ലബ് നാലാമതെത്തിയത്. ഇതോടെ പ്ലേ ഓഫിന് യോഗ്യത നേടിയ മിഡിൽസ്‌ബ്രോ പ്രീമിയർ ലീഗിലേക്കുള്ള സ്ഥാനക്കയറ്റം സ്വപ്‌നം കാണുകയാണ്. ഒരു സമയത്ത് റിലഗേഷൻ ഭീഷണി നേരിട്ടിരുന്നവരാണ് പ്ലേ ഓഫ് സെമി ഫൈനലിൽ കോവൻട്രി സിറ്റിയെ നേരിടാനൊരുങ്ങുന്നത്. ഇരുപാദങ്ങളിലായാണ് സെമി മത്സരങ്ങൾ നടക്കുക.
ഈ രണ്ട് ടീമുകളെ കൂടാത ലുട്ടൺ ടൗൺ, സണ്ടർലാൻഡ് എന്നീ ടീമുകളും പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. സെമിയിൽ കോവൻട്രിയെ മറികടക്കാനായാൽ ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ മിഡിൽസ്‌ബ്രോയുടെ എതിരാളികൾ. മെയ് 27നാണ് ഫൈനൽ മത്സരം.