മാഡ്രിഡ് :ലൈംഗികാതിക്രമക്കേസിൽ സ്‌പാനിഷ് പൊലീസിന്‍റെ കസ്റ്റഡിയിലായ ബ്രസീല്‍ ഫുട്‌ബോളര്‍ ഡാനി ആല്‍വസിനെതിരെ കടുത്ത നടപടിയുമായി മെക്‌സിക്കന്‍ ക്ലബ് പ്യൂമാസ്. 39കാരനായ ആല്‍വസുമായുള്ള കരാര്‍ റദ്ദാക്കിയതായി ക്ലബ് പ്രസിഡന്‍റ് ലിയോപോള്‍ഡോ സില്‍വ അറിയിച്ചു. മെക്‌സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള ക്ലബ്ബാണ് പ്യൂമാസ്.
യൂണിവേഴ്‌സിറ്റി സ്‌പിരിറ്റിനും അതിന്‍റെ മൂല്യങ്ങൾക്കും വിരുദ്ധമായ പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ലിയോപോള്‍ഡോ സില്‍വ പറഞ്ഞു. മൈതാനത്തിനകത്തും പുറത്തും താരങ്ങള്‍ തമ്മിലുള്ള ബഹുമാനവും മാന്യതയും പ്രൊഫഷണല്‍ പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണിത്. ഇതിനെ തകര്‍ക്കുന്ന ഒരു നടപടിയും തങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഡാനി ആല്‍വസിനെതിരെ ഒരു യുവതി പരാതി നല്‍കിയിരിക്കുന്നത്. ആൽവസ് തന്നെ അനുചിതമായി സ്പർശിച്ചതായി ജനുവരി 2ന് ലഭിച്ച പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. കേസിനെ തുടര്‍ന്ന് വെള്ളിയാഴ്ച ബാഴ്‌സലോണയിലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ 39കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.