ദോഹ:ജയിച്ചിട്ടും ലോകകപ്പിൽ നിന്നു മെക്‌സിക്കോ പുറത്ത്. ഗ്രൂപ്പ് സിയിൽ അവസാന മത്സരത്തിൽ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം നേടിയെങ്കിലും ഗോൾവ്യത്യാസമാണ് അവർക്ക് തിരിച്ചടിയായത്. സൗദിക്കെതിരായ മത്സരത്തിൽ ഒരു ഗോൾ കൂടെ നേടിയിരുന്നെങ്കിൽ അടിച്ച ഗോളുകളുടെ എണ്ണത്തിൽ പോളണ്ടിനെ മറികടന്ന് രണ്ടാം സ്ഥാനവുമായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറാമായിരുന്നു. നേടിയ രണ്ട് ഗോളുകൾ ഓഫ്‌സൈഡായതും അവരുടെ മുന്നോട്ടുള്ള വഴി മുടക്കി.
ഇരു ടീമുകളും ജയം തേടി ഇറങ്ങിയ മത്സരത്തിൽ മെക്സിക്കോയാണ് കൂടുതൽ ആധിപത്യം കാണിച്ചത്. മത്സരത്തിൽ 26 ഷോട്ടുകൾ ഉതിർത്ത അവർ 11 എണ്ണം ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാൽ ആദ്യ പകുതിയിൽ അരഡസനോളം അവസരങ്ങളൊരുക്കി മെക്‌സിക്കോക്ക് സൗദി പ്രതിരോധം ഭേദിക്കാനായില്ല.
ഒടുവില്‍ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മെക്‌സിക്കോ സമനിലപ്പൂട്ട് പൊളിച്ചത്. സെസർ മോണ്ടസിന്‍റെ പാസിൽ നിന്നു ഹെൻറി മാർട്ടിൻ മെക്‌സിക്കോയ്‌ക്ക് ഗോൾ സമ്മാനിച്ചു. 52-ാം മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്കിലൂടെ ഷാവേസ് മെക്‌സിക്കോക്ക് നിർണായകമായ രണ്ടാം ഗോളും സമ്മാനിച്ചു.
ഈ സമയത്ത് ഒരു ഗോൾ അടിച്ചാൽ മെക്‌സിക്കോക്ക് പോളണ്ടിനെ മറികടക്കാമായിരുന്നു. അതിനായി അവർ ആക്രമിച്ചു തന്നെ കളിച്ചു. 66-ാം മിനിറ്റില്‍ ലൊസാനോയുടെ ഷോട്ട് അല്‍ ഒവൈസ് രക്ഷപ്പെടുത്തി. 70-ാം മിനിറ്റില്‍ ലൊസാനോയുടെയും 73-ാം മിനിറ്റില്‍ ഷാവേസിന്റെയും ഫ്രീ കിക്കുകള്‍ തടഞ്ഞ അല്‍ ഒവൈസാണ് മെക്‌സിക്കോയ്ക്ക് പുറത്തേക്ക് വഴിതെളിച്ചത്.
ഇഞ്ച്വറി സമയത്ത് 95-ാം മിനിറ്റിൽ വീണു കിട്ടിയ അവസരം ഗോളാക്കി മാറ്റിയ സലാം അൽ-ദൗസരി മെക്‌സിക്കൻ ഹൃദയങ്ങൾ തകർത്തു. ബഹ്‌ബ്രിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്‍റെ ഗോൾ. ഇതോടെ, ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ച് അർജന്‍റീന ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീക്വാർട്ടറിൽ കടന്നു. 1978-ന് ശേഷം ഇതാദ്യമായാണ് മെക്‌സിക്കോ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്