ഖത്തർ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിലെ തോൽവിക്കിടയിലും ഒരു പിടി അപൂർവ റെക്കോഡുകൾ സ്വന്തമാക്കി ലയണൽ മെസി. സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്‍റീന തോൽവി വഴങ്ങിയത്. മത്സരത്തിൽ 10-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് മെസി റെക്കോഡ് ബുക്കുകളിൽ തന്‍റെ പേര് വീണ്ടും എഴുതിച്ചേർത്തത്.
മത്സരത്തിൽ ഗോൾ നേടിയതോടെ നാല് ലോകകപ്പുകളിൽ അർജന്‍റീനക്കായി ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. 2006, 2014, 2018, 2022 ലോകകപ്പുകളിലാണ് മെസി അർജന്‍റീനക്കായി ഗോളുകൾ നേടിയിട്ടുള്ളത്. മൂന്ന് ലോകകപ്പുകളിൽ ഗോളുകൾ നേടിയിട്ടുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (1994, 1998, 2002), ഡീഗോ മറഡോണ(1982, 1986, 1994) എന്നീ താരങ്ങളെയാണ് മെസി ഇതോടെ പിന്നിലാക്കിയത്.
ലോകകപ്പ് കളിച്ചു തുടങ്ങിയശേഷം 2010ൽ മാത്രമാണ് മെസിക്ക് ഗോളടിക്കാൻ കഴിയാതിരുന്നത്. എന്നാല്‍ തൊട്ടടുത്ത ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയ മെസി ടൂര്‍ണമെന്‍റിലെ തന്നെ മികച്ച താരമായി മാറുകയും ചെയ്‌തു. 2018 ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് മെസിക്ക് നേടാനായത്.
പെലെ, യുവെ സ്വീലർ, മിറോസ്ലോവ് ക്ലോസെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം നാല് ലോകകപ്പുകളിലും ഗോൾ നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് മെസി. അതേസമയം ഇന്നത്തെ ഗോൾ നേട്ടത്തോടെ ലോകകപ്പ് ഗോൾ നേട്ടത്തിൽ റൊണാൾഡോയ്‌ക്ക് ഒപ്പമെത്താനും മെസിക്കായി. 2006ൽ രാജ്യത്തിനായി ലോകകപ്പിൽ അരങ്ങേറിയ മെസിക്കും റൊണാൾഡോക്കും ഏഴ് ഗോളുകൾ വീതമാണുള്ളത്.
അഞ്ച് ലോകകപ്പുകളിൽ നിന്ന് 16 ഗോൾ നേടിയിട്ടുള്ള ജർമനിയുടെ മിറോസ്ലാവ് ക്ലോസെയാണ് ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബ്രസീലിന്‍റെ സൂപ്പർ താരം റൊണാൾഡോ(15), ജർമനിയുടെ ഗെർഡ് മുള്ളർ(14) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജസ്റ്റ് ഫൊണ്ടെയ്‌ൻ(13), പെലെ(12) എന്നിവരാണ് പട്ടികയിൽ ഇവർക്ക് പിന്നിലായുള്ളത്.