ക്വിറ്റോ:ഫുട്ബാൾ മത്സരങ്ങൾക്കിടെസുരക്ഷ ക്രമീകരണങ്ങൾ മറികടന്ന് തങ്ങളുടെ ഇഷ്‌ടതാരങ്ങളുടെ അടുത്തേക്ക് ആരാധകർ ഓടിയടുക്കുന്നത് സ്ഥിരം കാഴചയാണ്. ആരാധനപാത്രങ്ങളായ സൂപ്പർതാരങ്ങളെ ഒന്ന് അടുത്ത് കാണാനും കൂടെ നിന്ന് സെല്‍ഫിയെടുക്കാനും വേണ്ടിയാണ് അവര്‍ ഗ്രൗണ്ടിലേക്കെത്തുന്നത്. അത്തരത്തിൽ ഗ്രൗണ്ടിലെത്തിയ ഒരു ആരാധകൻ മെസിയെ വലിച്ച് ഫ്രെയിമിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ആരാധകന്‍ ലയണല്‍ മെസിയുടെ അടുത്തേക്ക് ഓടിയടുത്ത് സെല്‍ഫിയെടുത്തു. മത്സര ശേഷം മെസി ഡ്രസിംഗ് റൂമിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. ആരാധകന്‍റെ സെൽഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇക്വഡോർ ജഴ്‌സിയണിഞ്ഞ ആരാധകൻ മെസിയെ ക്യാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും ആരാധകന്‍റെ കടന്നുകയറ്റത്തിന് വഴിവെച്ച സുരക്ഷ പാളിച്ചയിൽ താരം തൃപ്‌തനല്ലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മെസിയുടെ കഴുത്തിന് ചുറ്റിപിടിച്ചാണ് ആരാധകന്‍ സെല്‍ഫിയെടുത്തത്. വിഡിയോയിൽ മെസി രോഷാകുലനാകുന്നതും കാണാം. സംഭവത്തിന് പിന്നാലെ ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ നിന്ന് നീക്കി.