മാഡ്രിഡ്: എസ്റ്റോണിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്‍റീനയ്‌ക്ക് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം. മുന്നിൽ നിന്ന് പട നയിച്ച ലയണൽ മെസിയുടെ അഞ്ച് ഗോളുകളാണ് അർജന്‍റീനയ്‌ക്ക് ഗംഭീര വിജയം നേടിക്കൊടുത്തത്. ഫൈനലിസിമ കിരീടത്തിന്‍റെ മധുരം ചുണ്ടിൽ നിന്ന് മാറും മുന്നെ മെസിയുടെ പ്രകടനം ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്നതാണ്.
ഏഴാം മിനിറ്റിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതിയിൽ പിന്നീടും പല തവണ മെസി ഗോളിന് അടുത്തെത്തി എങ്കിലും 45-ാം മിനിറ്റിലാണ് മെസിയുടെ രണ്ടാം ഗോൾ വന്നത്. വലതു വശത്ത് കൂടെ പെനാൽറ്റി ബോക്‌സിൽ പ്രവേശിച്ച മെസി തൊടുത്ത ഷോട്ട് എസ്റ്റോണിയ ഗോൾ കീപ്പറെ കാഴ്‌ചക്കാരനാക്കി വലയിലെത്തി.
ആദ്യ പകുതിയിൽ നിർത്തിവച്ചിടത്ത് നിന്ന് തുടങ്ങിയ മെസി രണ്ടാം പകുതിയിൽ മൈതാനം അടക്കിവാഴുന്നതിനാണ് ആരാധകർ സാക്ഷിയായത്. 47-ാം മിനിറ്റിൽ വലുതി വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് സ്വീകരിച്ചായിരുന്നും മെസി ഹാട്രിക്ക് തികച്ചത്. പിന്നീട് 71-ാം മിനിറ്റിൽ ഒറ്റക്ക് പന്ത് എടുത്തു മുന്നേറിയ മെസി എസ്റ്റോണിയ കീപ്പറെയും ഡിഫൻഡേഴ്‌സിനെയും നിലത്ത് ഇരുത്തിയ ശേഷം വലതു കാലു കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ട് നാലാം ഗോൾ നേടി. പിന്നെ അഞ്ചു മിനിറ്റിനകം അഞ്ചാം ഗോൾ കൂടെ വന്നതോടെ എല്ലാം പൂർണ്ണം. മെസിയുടെ 56-ാം കരിയർ ഹാട്രിക്ക് ആയിരുന്നു ഇത്.
മെസി ഇത് രണ്ടാം തവണയാണ് ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ അടിക്കുന്നത്. 2012ൽ ബയർ ലെവർക്യൂസൻ എതിരെയും ഇത് പോലെ മെസി അഞ്ചു ഗോളുകൾ നേടിയിരുന്നു.