ബീജിങ് : ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസിയുടെ തകർപ്പൻ ഗോൾ മികവിൽ വിജയം സ്വന്തമാക്കി ലോക ചാമ്പ്യൻമാരായ അർജന്‍റീന. ബീജിങ്ങിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്‍റീന ഓസ്‌ട്രേലിയയെ തകർത്തത്. ലയണൽ മെസി (80 സെക്കന്‍റ്), ജർമൻ പെസല്ല (68) എന്നിവരാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്.
ലോകകപ്പിലെ അർജന്‍റീനയുടെ വിജയത്തിൽ പ്രധാനികളായ താരങ്ങളെല്ലാം കളിച്ച മത്സരത്തിന്‍റെ 80-ാം സെക്കന്‍റിൽ തന്നെ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് തകർപ്പനൊരു ഗോളിലൂടെ മെസി ടീമിനെ മുന്നിലെത്തിച്ചു. എന്‍സോയില്‍ നിന്ന് പന്ത് സ്വീകരിച്ച് ഡ്രിബിൾ ചെയ്‌ത് മുന്നേറിയ മെസി ഓസ്‌ട്രേലിയന്‍ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മനോഹരമായി പന്ത് വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു.
ഓസ്‌ട്രേലിയൻ ഗോൾ കീപ്പർക്കും സഹ താരങ്ങൾക്കും കാഴ്‌ചക്കാരായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. അർജന്‍റീനയ്ക്കായി മെസിയുടെ 103-ാം ഗോൾ കൂടിയായിരുന്നു ഇത്. കൂടാതെ മെസിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ കൂടിയായിരുന്നു ഇത്. ഞൊടിയിടയ്‌ക്കുള്ളിൽ ഗോൾ വന്ന ഞെട്ടലിൽ നിന്ന് ഉണർന്ന ഓസ്‌ട്രേലിയ പിന്നീട് ആക്രമിച്ച് കളിക്കാൻ തുടങ്ങി.
പല തവണ അവർ അർജന്‍റീനയുടെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തി. എന്നാൽ അർജന്‍റീനയുടെ ഗോൾ കീപ്പര്‍ എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ അവർക്കായില്ല. ഇതിനിടെ അർജന്‍റീനയും ഓസ്‌ട്രേലിയൻ ഗോൾ പോസ്റ്റിലേക്ക് കൃത്യമായ ഇടവേളകളിൽ ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്നു. ഇടയ്‌ക്ക് ഡി മരിയയിൽ നിന്ന് സ്വീകരിച്ച പന്ത് മെസിക്ക് കൃത്യമായി വലയ്‌ക്കുള്ളിലാക്കാനായില്ല. ഇതോടെ ആദ്യ പകുതിക്ക് വിസിൽ വീണു.