ദോഹ :1986 ന് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കി അര്‍ജന്‍റീന ആഘോഷങ്ങളുടെ പരകോടിയില്‍ നില്‍ക്കെ, അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നുള്ള തന്‍റെ വിരമിക്കലിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ ലയണല്‍ മെസി. ഐതിഹാസിക കുതിപ്പുകൊണ്ട് ലോകകപ്പിന്‍റെ താരമായ മെസി, ആരാധകര്‍ക്ക് സന്തോഷം പകരുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കുന്നില്ലെന്നും ലോകജേതാക്കളായ ജഴ്‌സിയില്‍ തുടരാനാണ് ആഗ്രഹമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു.
'വിശ്വജേതാക്കളുടെ ജഴ്‌സിയില്‍ തുടരണം' ; അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി - ലോകകപ്പ് വിജയത്തിന് ശേഷം ലയണല്‍ മെസി
അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കുന്നില്ലെന്നും ലോകജേതാക്കളായ ജഴ്‌സിയില്‍ തുടരണമെന്നും വിജയശേഷം ലയണല്‍ മെസി
സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ വിജയിച്ച ശേഷം, ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. 'ഏറെക്കാലമായി കാണുന്ന സ്വപ്‌നമായിരുന്നു. ദൈവം എനിക്കത് നല്‍കുമെന്ന് വിശ്വാസമുണ്ടായിരുന്നു' - വിജയത്തെ കുറിച്ച് മെസി പ്രതികരിച്ചു. ഫുട്‌ബോള്‍ ലോകത്ത് മുടിചൂടാമന്നനായി തുടരുമ്പോഴും ലോകകപ്പ് കിരീടം എന്നത് മെസിയുടെ ഉറക്കം കെടുത്തിയ സ്വപ്‌നമായിരുന്നു.
36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്‍റീന കപ്പ് ഉയര്‍ത്തുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് അടിയറവ് പറയിച്ചാണ് മെസിയും കൂട്ടരും കപ്പില്‍ മുത്തമിട്ടത്. തന്‍റെ അഞ്ചാം ലോകകപ്പ് പൂര്‍ത്തിയാക്കിയ മെസി കിരീടത്തിനൊപ്പം ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും നേടിയാണ് മടങ്ങുന്നത്.