ഖത്തർ: ഫുട്‌ബോൾ ലോകകപ്പിൽ ഏറ്റവും പുതിയ റെക്കോഡുകൾ സ്വന്തമാക്കി അർജന്‍റൈൻ നായകൻ ലയണൽ മെസി. ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരം, ലോകകപ്പിൽ ഏറ്റവും സമയം കളിക്കുന്ന താരം, ഒരു ലോകകപ്പിൽ ഏറ്റവുമധികം പെനാൽറ്റി ഗോൾ നേടുന്ന താരം, ലോകകപ്പിൽ അർജന്‍റീനക്കായി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരം, നോക്കൗട്ട് ഘട്ടങ്ങളിലെ എല്ലാ മത്സരങ്ങളിലും ഗോളുകൾ നേടുന്ന താരം എന്നീ റെക്കോഡുകളാണ് മെസി തന്‍റെ പേരിൽ കുറിച്ചത്.
റെക്കോഡുകളുടെ രാജാവ്; ഫൈനൽ മത്സരത്തിൽ റെക്കോഡുകളുടെ പെരുമഴയുമായി മെസി
ലോകകപ്പുകളിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോഡ് മെസി തന്‍റെ പേരിൽ കുറിച്ചു
ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം എന്ന ജർമൻ ഇതിഹാസം ലോഥർ മത്തേവൂസിന്‍റെ റെക്കോഡാണ് മെസി മറികടന്നത്. മത്തേവൂസിന്‍റെ 25 മത്സരങ്ങൾ എന്ന റെക്കോഡാണ് മെസി ഇന്നത്തെ മത്സരത്തിലൂടെ മറികടന്നത്. ഇറ്റാലിയൻ ഇതിഹാസ താരമായ പൗലോ മാൽഡിനിയുടെ ലോകകപ്പിൽ ഏറ്റവുമധികം സമയം കളിച്ച താരം എന്ന റെക്കോഡാണ് മെസി മറികടന്നത്. 2217 മിനിട്ട് എന്ന റെക്കോഡാണ് ഇന്നത്തെ മത്സരത്തിൽ 23 മിനിട്ട് പൂർത്തിയാക്കിയതോടെ മെസി സ്വന്തമാക്കിയത്.
ഇന്നത്തെ മത്സരത്തിലുൾപ്പെടെ അഞ്ച് ഗോളുകളാണ് മെസി പെനാൽറ്റിയിലൂടെ സ്വന്തമാക്കിയത്. ആറ് പെനാൽറ്റികളിൽ നിന്നാണ് താരം അഞ്ചെണ്ണം ഗോളുകളാക്കി മാറ്റിയത്. ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ ലോകകപ്പിൽ അർജന്‍റീനക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരം(12) എന്ന റെക്കോഡും മെസി സ്വന്തമാക്കി. കൂട്ടാതെ നോക്കൗട്ട് മത്സരങ്ങളിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന താരം എന്ന റെക്കോഡും ഇന്നത്തെ ഗോൾ നേട്ടത്തിലൂടെ മെസി തന്‍റെ പേരിൽ എഴുതിച്ചേർത്തു.