മലപ്പുറം: എടക്കര മുണ്ടയിൽ അർജന്‍റീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നു വീണു. ഇന്ന് (06.11.22) രാവിലെ അർജന്‍റീന ആരാധകർ മുണ്ട അങ്ങാടിയിൽ കട്ടൗട്ട് കയറ്റുന്നതിനിടയിലാണ് മുകൾ ഭാഗം അടർന്ന് താഴേക്ക് വീണത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
68 അടിയോളം ഉയരമുള്ള കൂറ്റൻ കട്ടൗട്ടാണ് സ്ഥാപിക്കുന്നതിനിടയിൽ തകർന്ന് വീണത്. നിർമാണം പൂർത്തിയാക്കിയ കട്ടൗട്ട് ഇന്ന് രാവിലെ അർജന്‍റീന ആരാധകരുടെ നേതൃത്വത്തിൽ വലിയ ആവേശത്തോടെയും ആരവത്തോടെയുമാണ് മുണ്ടയിലെ അങ്ങാടിയിൽ എത്തിച്ചത്. വലിയ ആർപ്പുവിളികളോടെ മെസ്സിയുടെ കട്ടൗട്ട് ഉയർത്തുകയും ചെയ്‌തു. ഇതിനിടയിൽ കയർ പൊട്ടി കട്ടൗട്ടിന്‍റെ മുകൾഭാഗം താഴേക്ക് വീഴുകയായിരുന്നു.