പാരിസ്:ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജിക്കൊപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായുള്ള താരത്തിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. മെസിയും എംബാപ്പെയും ടീമിനൊപ്പം തുടരണമെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അല്‍ ഖലീഫി നേരത്തെ അറിയിച്ചിരുന്നു.
ബാഴ്‌സലോണയില്‍ നിന്ന് 2021ലാണ് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. രണ്ട് വര്‍ഷത്തെ കരാറായിരുന്നു താരത്തിന് ടീമുമായി ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 2023-24 സീസണിലേക്ക് കൂടി നീട്ടിയത്.
ഫ്രഞ്ച് ക്ലബ്ബിന് വേണ്ടി ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തത്. ഈ സീസണില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് 12 ഗോളും 14 അസിസ്റ്റുമാണ് മെസിയുടെ പിഎസ്‌ജി ജഴ്‌സിയിലെ സമ്പാദ്യം.
അതേ സമയം ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ കഴിഞ്ഞ ദിവസം ക്ലബ്ബിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ഫൈനല്‍ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലാണ് താരം പിഎസ്‌ജി ക്യാമ്പിലെത്തി പരിശീലനം നടത്തിയത്. എംബാപ്പെ പരിശീലന കേന്ദ്രത്തിലെത്തിയ വിവരം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ക്ലബാണ് പുറത്തുവിട്ടത്.
ലീഗ് വണ്ണില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ എംബാപ്പെ പിഎസ്‌ജി ജഴ്‌സിയില്‍ കളിക്കാനാണ് സാധ്യത. ഈ മാസം 28നാണ് മത്സരം.