ഖത്തർ ലോകകപ്പിന് ശേഷം രാജ്യാന്തര മത്സരങ്ങളിൽ പന്ത് തട്ടാനിറങ്ങുകയാണ് സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അർജന്‍റീന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ പനാമയ്‌ക്കെതിരെ പന്ത് തട്ടുമ്പോൾ പോർച്ചുഗൽ യൂറോ കപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിൽ ലീച്ചെൻസ്റ്റൈനെതിരെയാണ് കളത്തിലിറങ്ങുക. ലോകകപ്പിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങുമ്പോൾ ഒരുപിടി റെക്കോഡുകളും മെസിയേയും റൊണാൾഡോയേയും കാത്തിരിക്കുന്നുണ്ട്.
ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ അഞ്ച് മണിക്കാണ് അർജന്‍റീനയും പനാമയും തമ്മിലുള്ള മത്സരം. അർജന്‍റീനയിലെ ബ്യൂണസ് ഐറിസിലെ എസ്റ്റേഡിയ മാസ് മൗണ്‍മെന്‍റൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് നേടിയ അർജന്‍റൈൻ ടീമിലെ ഭൂരിഭാഗം താരങ്ങളും നാളെ നടക്കുന്ന മത്സരത്തിൽ കളത്തിലിറങ്ങും. അതിനാൽ തന്നെ 83,000 കാണികൾക്കിരിക്കാവുന്ന സ്റ്റേഡിയം തിങ്ങിനിറയുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
ലോകകപ്പ് നേട്ടത്തിന്‍റെ ഓർമയിൽ ലോകകപ്പിന്‍റെ ലോഗോ ജഴ്‌സി അണിഞ്ഞായിരിക്കും അര്‍ജന്‍റീന കളിക്കളത്തില്‍ ഇറങ്ങുക. കഴിഞ്ഞ ആറ് മത്സരങ്ങളിലും തോൽവി വഴങ്ങിയ പനാമയ്‌ക്കെതിരെ സ്വന്തം കാണികളുടെ മുന്നിൽ വിജയത്തോടെ തുടക്കം കുറിക്കാനാകും അർജന്‍റീനയുടെ ശ്രമം. അതേസമയം മത്സരത്തിന് മുന്നോടിയായി അർജന്‍റൈൻ ഇതിഹാസം ലയണൽ മെസിയെക്കാത്തിരിക്കുന്നത് ഒരുപിടി തകർപ്പൻ റെക്കോഡുകളാണ്.
നാളത്തെ മത്സരത്തിലൂടെ കരിയറിൽ 800 ഗോളും അർജന്‍റീനയ്ക്കായി 100 ഗോളുകളും മെസി പൂർത്തിയാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പനാമയ്‌ക്കെതിരെ ഒരു ഗോൾ കൂടി നേടിയാൽ കരിയറിൽ 800 ഗോൾ എന്ന സുവർണ നേട്ടത്തിലേക്കെത്താൻ മെസിക്കാകും. നിലവിൽ 805 ഗോളുകളുമായി ഓസ്‌ട്രേലിയൻ ഫുട്‌ബോളർ ജോസഫ് ബിക്കനും 828 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മെസിക്ക് മുന്നിലുള്ളത്.