ഹാംഡൻ പാർക്ക് : യൂറോ കപ്പ് യോഗ്യത മത്സരത്തിൽ തോൽവിയറിഞ്ഞ് സ്‌പെയിൻ. സ്‌കോട്‌ലൻഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്‌പാനിഷ് പട തോൽവി വഴങ്ങിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ നേടിയ സ്‌കോട് മക്‌ടോമിനയുടെ മികവിലാണ് സ്‌കോട്‌ലൻഡ് ജയിച്ചു കയറിയത്. 7, 51 മിനിട്ടുകളിലാണ് മക്‌ടോമിനയുടെ ഗോളുകൾ പിറന്നത്.
രണ്ട് ജയത്തോടെ ഗ്രൂപ്പിൽ എയിൽ സ്‌കോട്‌ലൻഡ് ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ ജയം നേടിയ സ്‌പെയിൻ രണ്ടാമതാണ്. യൂറോപ്യൻ യോഗ്യത മത്സരത്തിൽ വലിയ ഇടവേളയ്‌ക്ക് ശേഷമുള്ള തോൽവി പുതിയ സ്‌പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്വുന്‍റെയ്‌ക്ക് സമ്മർദം ഉയർത്തും.
നോർവയെ തോൽപിച്ച ടീമിൽ നിന്നും മാറ്റത്തോടെയാണ് സ്‌പെയിൻ ഇറങ്ങിയത്. പതിവ് പോലെ സ്‌പെയിൻ തന്നെയാണ് പൊസിഷനിൽ ആധിപത്യം പുലർത്തിയത്. മത്സരത്തിന്‍റെ 75 ശതമാനവും പന്തിൽ ആധിപത്യമുണ്ടായിരുന്നു. എന്നാൽ മത്സരത്തിന്‍റെ ഏഴാം മിനിട്ടിൽ തന്നെ സ്‌കോട്‌ലൻഡ് മുന്നിലെത്തി. പെഡ്രോ പൊറോയിൽ നിന്ന് പിടിച്ചെടുത്ത് റോബർട്‌സൺ നൽകിയ പാസിൽ നിന്നുമാണ് മക്‌ടോമിനോ വലകുലുക്കിയത്. ഗോൾ വഴങ്ങിയ സ്‌പെയിൻ തുടരാക്രമണങ്ങളുമായി സ്‌കോട്‌ലൻഡ് ഗോൾമുഖം വിറപ്പിച്ചു.
ജോസെലുവിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പൊറോയുടെ ലോങ് റേഞ്ചർ ഗോൾകീപ്പർ രക്ഷപ്പെടുത്തി. പിന്നാലെ യറെമി പിനോയുടെ ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്നുപോയി. സ്‌കോട്ടിഷ് ടീമിന്‍റെ ലീഡ് ഇരട്ടിയാക്കാൻ അവസരം കിട്ടിയെങ്കിലും ക്രിസ്റ്റിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ അകന്നുപോയപ്പോൾ അധിക സമയത്ത് കൗണ്ടർ അറ്റാക്കിൽ നിന്നുള്ള മുന്നേറ്റം ഗോൾ കീപ്പർ മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചു.