പാരീസ്:ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെ നേരിട്ട പിഎസ്‌ജിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയം. സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ഗോൾ നേടിയ കൈലിയൻ എംബാപ്പെയാണ് പിഎസ്‌ജിയുടെ രക്ഷകനായത്. പാരീസിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പിഎസ്‌ജിക്കായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ ഗോളാക്കാനാവാതെ മത്സരം സമനിലയിൽ കലാശിക്കുമെന്ന സമയത്താണ് എംബാപ്പെ മത്സരത്തിലെ ഏക ഗോൾ നേടി പിഎസ്‌ജിയെ വിജയത്തിലേക്ക് നയിച്ചത്.
സ്വന്തം മൈതാനത്ത് പിഎസ്‌ജി സമ്പൂർണാധിപത്യത്തിനാണ് ആദ്യപകുതി സാക്ഷിയായത്. ഒത്തിണക്കത്തോടെ റയലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയ പിഎസ്‌ജിയുടെ മധ്യനിരയും പ്രതിരോധവും റയൽ മാഡ്രിഡിന് ഒരവസരവും ആദ്യപകുതിയിൽ നൽകിയില്ല. പിഎസ്‌ജിയുടെ ഗോൾശ്രമങ്ങളെല്ലാം റയൽ പ്രതിരോധവും ഗോൾകീപ്പർ ക്വാർട്ടോയും സമർഥമായി തടഞ്ഞിട്ടു.
രണ്ടാം പകുതിയിൽ പിഎസ്‌ജിയുടെ നിരന്തരം മുന്നേറ്റങ്ങളിൽ റയലിന്‍റെ പ്രതിരോധം ആടിയുലഞ്ഞു. തുടര്‍ന്ന് കാർവാജാൽ എംബാപ്പയെ ബോക്‌സിൽ വീഴ്ത്തിയതിനു പിഎസ്‌ജിക്ക് ലഭിച്ച പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത മെസിക്കു പിഴച്ചു. മെസിയുടെ ഷോട്ട് മികച്ചൊരു ഡൈവിലൂടെ ക്വാർട്ടോ രക്ഷപ്പെടുത്തി.
പിഎസ്‌ജിക്കായി നെയ്‌മർ കൂടി കളത്തിലിറങ്ങിയതോടെ മുന്നേറ്റങ്ങൾക്കു മൂർച്ച കൂടി. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തി. എന്നാൽ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ എംബാപ്പെ പിഎസ്‌ജിക്ക് അർഹിച്ച ജയം സമ്മാനിച്ചു. നെയ്‌മറുടെ ബാക്ക്ഹീൽ പാസ് സ്വീകരിച്ച് മുന്നേറിയ താരത്തിന്‍റെ ഷോട്ട് ക്വാർട്ടോയെ മറികടന്ന് വലയിലെത്തി.