ലണ്ടൻ: ടോട്ടൻഹാമിന്‍റെ മുൻ പരിശീലകനായിരുന്ന മൗറീഷ്യോ പൊച്ചെട്ടിനോ അടുത്ത സീസണിൽ ചെൽസി പരിശീലകനായി ചുമതലയേൽക്കുമെന്നാണ് വാർത്തകൾ. സമീപകാലത്ത് കോടികൾ വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കിയെങ്കിലും ഇതിനൊത്ത മികവിലേക്ക് ടീമിന് ഉയരാനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ യുവതാരങ്ങളെയെല്ലാം നല്ല രീതിയിൽ വിനിയോഗിക്കാൻ അറിയുന്ന പരിശീലകനെയാണ് ചെൽസിക്ക് ആവശ്യം. പൊച്ചെട്ടിനോ ടീമിനെ മികച്ച രീതിയിൽ നയിക്കുമെന്നാണ് പ്രതീക്ഷ.
2014 മുതൽ 2019 വരെയുള്ള സീസണുകളിലാണ് അർജന്‍റീനക്കാരനായ മൗറീഷ്യോ പൊച്ചെട്ടിനോ ടോട്ടൻഹാമിന്‍റെ പരിശീലക കുപ്പായമണിഞ്ഞത്. ടോട്ടന്നത്തിന്‍റെ പരിശീലകനായെത്തിയ പൊച്ചെട്ടിനോ ടീമിലെ യുവതാരങ്ങളായ ഹാരി കെയ്ൻ, ഡെലെ അല്ലി, എറിക് ഡയർ തുടങ്ങിയ താരങ്ങൾക്കൾക്കെല്ലാം നിരവധി അവസരങ്ങളാണ് നൽകിയത്. ഇതാണ് ചെൽസി നിരയിലെ യുവതാരങ്ങളുടെയും പ്രതീക്ഷ. 30 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച നേരിടുന്ന ചെൽസിയെ തിരികെ ഫോമിലേക്ക് എത്തിക്കുന്നതോടൊപ്പം പരമാവധി യുവതാരങ്ങളെ ഉപയോഗിച്ച് ഭാവി ലക്ഷ്യമിട്ട് ടീമിനെ പുനർനിർമിക്കുക എന്ന വലിയൊരു ദൗത്യവും പൊച്ചെട്ടീനോയുടെ മുന്നിലുണ്ടാകും.
നിലവിൽ ചെൽസി ടീമിൽ അധികം അവസരങ്ങളില്ലാത്ത പ്രതിഭാശാലികളായ യുവ താരങ്ങൾക്ക് പൊച്ചെട്ടിനോയ്ക്ക് കീഴിൽ മികവ് പുറത്തടുക്കാനായേക്കും. ലെവി കോൾവിൽ, ലൂയിസ് ഹോൾ, അർമാൻഡോ ബ്രോജ, എന്നിവർ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുന്ന യുവ താരങ്ങളാണ്. ജമൈക്കൻ കൗമാരതാരം ഒമറി ഹച്ചിൻസൺ, കാർണെ ചുക്വമേക്ക എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ട്രാൻസ്‌ഫറിൽ 100 മില്യണിലധികം ചെലവിട്ട് ചെൽസി സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ്, മിഖെയ്‌ലോ മുഡ്രിക് എന്നിവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പൊച്ചെട്ടിനോയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചെൽസി മാനേജ്‌മെന്‍റും ആരാധകരും.