മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് ക്ലബ് മഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ (Manchester United) ഇതിഹാസ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ (Cristiano Ronaldo) ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജഴ്‌സിക്ക് ഇനി പുതിയ അവകാശി. ഈ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ ടീമിലെത്തിച്ച ഇംഗ്ലീഷ് താരം മേസന്‍ മൗണ്ടാണ് (Mason Mount) ഇനി ചുവന്ന ചെകുത്താന്‍മാര്‍ക്കായി ഏഴാം നമ്പര്‍ കുപ്പായത്തില്‍ ഇനി കളിക്കളത്തില്‍ ഇറങ്ങുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പുറമെ ഡേവിഡ് ബെക്കാം (David Becham), എറിക് കന്‍റോണ (Eric Cantona) തുടങ്ങിയ ഇതിഹാസ താരങ്ങളും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജഴ്‌സിയാണ് ധരിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് 24-കാരനായ മേസന്‍ മൗണ്ട്. ചെറുപ്പകാലത്ത് താരം റൊണാള്‍ഡോയുടെ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ഫ്രീ കിക്ക് പരിശീലിക്കുന്നതിനെ കുറിച്ച് ഇഎസ്‌പിഎന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. തുടര്‍ന്ന്, സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റുമായി (Al Nassr) കരാറിലേര്‍പ്പെടുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിട്ട സാഹചര്യത്തില്‍ ടീമിലെ യുവതാരം അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് (Alejandro Garnacho) ടീം ഏഴാം നമ്പര്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്നു.
ക്ലബ് പ്രൊഡക്‌ട് കൂടിയായ ഗര്‍നാച്ചോ സീനിയര്‍ ടീമില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. 2022ല്‍ സീനിയര്‍ ടീമിലെത്തിയ താരം 36 കളികളില്‍ നിന്നും ഇതുവരെ 5 ഗോളുകളാണ് നേടിയിട്ടുള്ളത്. അതേസമയം, ടീമിന്‍റെ ഏഴാം നമ്പര്‍ മേസന്‍ മൗണ്ടിന് നല്‍കുന്നതില്‍ ആരാധകരും അത്ര സന്തോഷത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.