മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡ് ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United). ആറു മാസത്തോളമായി നീണ്ടുനിന്ന ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ക്ലബ് അധികൃതർ നിലപാടെടുത്തത്. മേസൺ ഗ്രീൻവുഡ് (Mason Greenwood) ക്ലബിൽ തുടരില്ലെന്നും താരം പുതിയ ക്ലബ് കണ്ടെത്തി കരിയര്‍ തുടരും എന്നും ക്ലബ് അറിയിച്ചു.
സ്‌ട്രൈക്കറായ മേസണ്‍ ഗ്രീൻവുഡിനെ ടീമിൽ തിരികെ എത്തിക്കുന്നതിനായി ക്ലബ് അധികൃതർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു വിഭാഗം ആരാധകരില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായതോടെയാണ് താരവുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത് (Mason Greenwood leave Manchester United).
ലൈംഗികാതിക്രമ ആരോപണം നേരിടേണ്ടി വന്ന താരത്തിനെ ക്ലബ്ബ് അന്വേഷണ വിധേയമായി ടീമിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ മതിയായ തെളിവുകളുടെ അഭാവത്തിൽ, ഫെബ്രുവരി 2-ന് ബലാത്സംഗശ്രമവും ആക്രമണവും ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് ഗ്രീൻവുഡിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ യുവതാരം വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്‌സി അണിയുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രതിഷേധം തുടരുന്നതിനിടെ, ഗ്രീൻവുഡും ക്ലബ് അധികൃതരും ഉഭയസമ്മത പ്രകാരം പുറത്തിറക്കിയ പ്രസ്‌താവനയോടെയാണ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമായത്.