ന്യൂഡല്‍ഹി:ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സർ മേരി കോം വനിതാ ബോക്‌സിങ് ഒളിമ്പിക് യോഗ്യതക്കായി നാളെ മത്സരിക്കും. മേരികോം 51 കിലോ വിഭാഗം യോഗ്യതാ മത്സരത്തിലെ അവസാന റൗണ്ടിൽ നിഖാത്ത് സറീനെ നേരിടും.
മേരി കോം ട്രയല്‍സില്‍ നേരത്തെ നടന്ന മത്സരത്തില്‍ റിതു ഗ്രേവാളിനെ പരാജയപെടുത്തിയിരുന്നു. അതേസമയം നിലവിലെ ദേശീയ ചാമ്പ്യന്‍ ജ്യോതി ഗുലിയയെ പരാജയപെടുത്തിയാണ് നിഖാത്ത് സറീന്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയത്.
ഒളിമ്പിക് യോഗ്യതയുടെ തെരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ചുള്ള ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭിപ്രായ പ്രകടനത്തിന് ശേഷം ആറ് തവണ ലോക ചാമ്പ്യന്‍ പട്ടം നേടിയ മേരി കോമിനെതിരെ സറീന്‍ രംഗത്ത് വന്നിരുന്നു. ഇത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. തുടർന്നാണ് ഒളിമ്പിക് സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ തീരുമാനിച്ചത്.
അന്താരാഷ്‌ട്ര തലത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന മേരി കോം ട്രയല്‍സ് കൂടാതെ ഒളിമ്പിക് യോഗ്യത നേടുമെന്ന് പറഞ്ഞ് ഫെഡറേഷന്‍ പ്രസിഡന്‍റ് അജയ് സിംഗാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഇതേ തുടർന്ന് മുന്‍ ജൂനിയർ ലോക ചാമ്പ്യന്‍ പട്ട ജേതാവ് കൂടിയായ സറീന്‍ പ്രകോപിതയായി. ഒളിമ്പിക് യോഗ്യതക്കായി ന്യായമായ അവസരം വേണമെന്ന് അവർ ആവശ്യപെട്ടു. 51 കിലോ വിഭാഗത്തില്‍ രാജ്യസഭാംഗം കൂടിയായ മണിപ്പൂരി താരത്തിനോട് ഒളിമ്പിക്ക് യോഗ്യതാ മത്സരം കളിക്കണമെന്നായിരുന്നു സറീന്‍റെ ആവശ്യം.
51 കിലോഗ്രാം, 57 കിലോഗ്രാം, 60 കിലോഗ്രാം, 69 കിലോഗ്രാം, 75 കിലോഗ്രാം ഡിവിഷനുകളിലൊന്നും ലോക ചാമ്പ്യൻഷിപ്പിൽ ഫൈനൽ കളിക്കാൻ കഴിയാത്തതിനാൽ വനിതാ ബോക്‌സിങ്ങിലെ അഞ്ച് വിഭാഗങ്ങളും ട്രയലുകൾ തീരുമാനിക്കുകയായിരുന്നു. പുരുഷന്മാർക്കായുള്ള രണ്ട് ദിവസത്തെ ട്രയല്‍സ് ഞായറാഴ്ച മുതൽ കർണാടകയിലെ ബെല്ലാരിയിൽ നടക്കും. അടുത്ത വർഷം ഫെബ്രുവരിയിൽ ചൈനയിൽ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ നടക്കും.