ന്യൂഡല്‍ഹി:മേരി കോം ഇതിഹാസവും നിഖാത് സറീന്‍ അതുല്യയായ ബോക്‌സറുമാണെന്ന് കേന്ദ്ര കായക മന്ത്രി കിരണ്‍ റിജ്‌ജു. മേരി കോം വനിതാ ബോക്‌സിങ്ങിലെ ഒളിമ്പിക് യോഗ്യതാ ട്രയല്‍സില്‍ സറീനെ പരാജയപ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേരികോമിന്‍റെ പാത പിന്തുടരാന്‍ കഴിവുള്ള ബോക്‌സറാണ് സറീന്‍. രാജ്യം ഇരുവരെയും പേരില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മേരി കോം ഇതിഹാസം, സറീന്‍ അതുല്യയായ ബോക്‌സർ: കിരണ്‍ റിജ്‌ജു
വിവാദമായ ഒളിമ്പിക് യോഗ്യതാ ട്രയല്‍സ് മത്സരത്തില്‍ മേരികോം, നിഖാത് സറീനെ പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ 51 കിലോ വിഭാഗത്തിലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ആറ് തവണ ലോക ചാമ്പ്യന്‍ പട്ടവും ഒളിമ്പിക് വെങ്കല മെഡലും സ്വന്തമാക്കിയ മേരി കോം നിഖാത് സറീനെ പരാജയപ്പെടുത്തിയിരുന്നു. സ്‌കോർ 9-1. ദേശീയ ബോക്‌സിങ് ഫെഡറേഷന്‍റെ പോളിസിയെ സറീന്‍ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മേരി കോം ട്രയല്‍സില്‍ പങ്കെടുത്തത്. മാച്ച് റഫറി ഫലപ്രഖ്യാപനം നടത്തിയ ശേഷം സറീന് കൈ കൊടുക്കാതെ മേരി റിങ്ങ് വിട്ടത് വാർത്തയായിരുന്നു. തന്നെ ബഹുമാനിക്കാത്തവരെ തിരിച്ചും ബഹുമാനിക്കില്ലെന്ന് മേരി കോം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ തന്‍റെ പോരാട്ടം മേരി കോമിനെതിരെയല്ല എന്ന നിലപാടാണ് സറീന്‍ മത്സര ശേഷം സ്വീകരിച്ചത്. ബോക്‌സിങ്ങില്‍ സ്വയം തെളിയിക്കാനും ഒളിമ്പിക്‌സ് പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ന്യായമായ അവസരം നൽകാത്ത സംവിധാനത്തിന് എതിരെയുമാണ് തന്‍റെ പോരാട്ടമെന്ന് അവർ പറഞ്ഞു.