ബെർലിൻ : ഫിഫ ലോകകപ്പിൽ ജർമൻ ടീമിന് തിരിച്ചടിയായി സൂപ്പർ താരം പരിക്കേറ്റ് പുറത്ത്. ബൊറൂസിയ ഡോര്‍ട്‌മുണ്ട് നായകനും മിഡ്‌ഫീൽഡറുമായ മാര്‍ക്കോ റിയുസ് ഇത്തവണ ജര്‍മനിക്കൊപ്പം ലോകകപ്പിന് ഉണ്ടാകില്ല. തുടരെയുള്ള പരിക്കുകൾ ബുദ്ധിമുട്ടിക്കുന്ന താരത്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെന്ന് പരിശീലകൻ ഹാൻസി ഫ്ലിക് അറിയിച്ചതായാണ് റിപ്പോട്ടുകൾ.
പിടിവിടാതെ പരിക്ക് ; ജർമനിയുടെ സൂപ്പർ താരം മാര്‍ക്കോ റിയുസ് ലോകകപ്പിൽ നിന്ന് പുറത്ത്
ഒക്‌ടോബറിൽ കണങ്കാലിനേറ്റ പരിക്ക് പൂർണമായും ഭേദമാകാത്തതാണ് റിയുസിന് തിരിച്ചടിയായത്
ലോകകപ്പിനായുള്ള അന്തിമ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനാൽ റിയുസിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഒക്‌ടോബറിന്‍റെ തുടക്കത്തിലാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് ബുണ്ടസ് ലീഗയിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലെയും നാല് മത്സരങ്ങളിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.
ഒക്‌ടോബർ പകുതിയോടെ റിയുസ് ടീമിനൊപ്പം ചേർന്നെങ്കിലും പരിക്ക് വീണ്ടും വില്ലനാവുകയും വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. നേരത്തെ 2014ലെ ലോകകപ്പും 2016ലെ യൂറോ കപ്പും പരിക്കുമൂലം താരത്തിന് നഷ്‌ടമായിരുന്നു. 2011ൽ ജർമനിക്കായി അരങ്ങേറ്റം കുറിച്ച റിയുസ് 48 മത്സരങ്ങളിൽ മാത്രമാണ് ടീമിനായി കളിച്ചിട്ടുള്ളത്. 15 ഗോളുകളും 14 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്.