മാഞ്ചസ്റ്റർ : ഇംഗ്ലീഷ് ലീഗ് കപ്പിൽ അനായാസ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United Vs Crystal Palace). കറബാവോ കപ്പ് മൂന്നാം റൗണ്ടിൽ ഓൾഡ് ട്രഫോർഡിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ജയമാണ് സ്വന്തമാക്കിയത് (Manchester United defeated Crystal Palace). യുണൈറ്റഡിനായി അർജന്‍റൈൻ യുവതാരം അലജാന്ദ്രോ ഗർണാച്ചോ, കസെമിറോ, ആന്‍റണി മാർഷ്യൽ എന്നിവരാണ് വലകുലുക്കിയത്.
ഓള്‍ഡ് ട്രാഫോർഡില്‍ നായകൻ ബ്രൂണോ ഫെര്‍ണാണ്ടസ്, മാർകസ് റാഷ്ഫോര്‍ഡ് എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിലെ ബേർണിലിക്കെതരായ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങിയത്. മുന്നേറ്റത്തിൽ ഗർണാച്ചോ, മാർഷ്യൽ, പെലിസ്‌ട്രി എന്നിവരെ അണിനിരത്തിയാണ് ടെൻ ഹാഗ് ആദ്യ ഇലവനെ ഇറക്കിയത്. ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായി മധ്യനിര താരം മേസൺ മൗണ്ടും കളത്തിലിറങ്ങിയപ്പോൾ പുതുതായി ടീമിലെത്തിച്ച സൊഫ്‌യാൻ അമ്രബാത്തിനും അവസരം ലഭിച്ചു.
മത്സരത്തിന്‍റെ 21-ാം മിനിറ്റില്‍ ഗർണാച്ചോയിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. പ്രതിരോധ താരം ഡീഗോ ഡാലോട്ടിന്‍റെ പാസില്‍ നിന്നായിരുന്നു യുണൈറ്റഡിന്‍റെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തിലെ മേധാവിത്വം തുടർന്ന യുണൈറ്റഡ് ഏഴു മിനിറ്റിനകം ലീഡ് ഇരട്ടിയാക്കി. മേസൺ മൗണ്ടിന്‍റെ കോര്‍ണറില്‍ നിന്നും ഹെഡറിലൂടെ കസെമിറോയാണ് യുണൈറ്റഡിന്‍റെ രണ്ടാം ഗോള്‍ നേടിയത്. ഈ സീസണില്‍ യുണൈറ്റഡിനായി കസെമിറോ നേടുന്ന നാലാം ഗോളാണിത്.