ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇന്ന് ലണ്ടനിൽ വെസ്റ്റ് ഹാമിനെ നേരിട്ട യുണൈറ്റഡ് മറുപടിയില്ലാത്ത ഏക ഗോളിനാണ് പരാജയപ്പെട്ടത്. ഗോൾകീപ്പർ ഡി ഗിയയുടെ പിഴവാണ് യുണൈറ്റഡിന് തിരിച്ചടിയായത്.
പോയിന്‍റ് പട്ടികയിൽ മൂന്നാമതുണ്ടായിരുന്ന ന്യൂകാസിൽ യുണൈറ്റഡിനെ മറികടക്കാനുള്ള അവസരമാണ് യുണൈറ്റഡ് നഷ്‌ടമാക്കിയത്. ന്യൂകാസിൽ ആഴ്‌സണലിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. നിലവിൽ വെസ്റ്റ്‌ഹാമിനെതിരായ തോൽവി അവരുടെ നാലാം സ്ഥാനത്തിന് തന്നെ ഭീഷണി സൃഷ്‌ടിച്ചിരിക്കുകയാണ്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഗോളടിക്കുന്ന യുണൈറ്റഡ് മുന്നേറ്റം വൻ പരാജയമായിരുന്നു. കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിന്‍റെ 27-ാം മിനിറ്റിലാണ് വെസ്‌റ്റ്‌ഹാം ലീഡെടുത്തത്. കൗണ്ടർ അറ്റാക്കിൽ നിന്നും യുണൈറ്റഡ് ഗോൾമുഖം ലക്ഷ്യമാക്കി കുതിച്ച ബെൻറഹ്മയുടെ ദുർബലമായൊരു ഷോട്ടാണ് മത്സരത്തിന്‍റെ വിധി നിർണയിച്ചത്. അനായാസം രക്ഷപ്പെടുത്താമായിരുന്നതിൽ ഡി ഗിയ വരുത്തിയ പിഴവാണ് യുണൈറ്റഡിന്‍റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് തന്നെ മങ്ങലേൽപ്പിച്ചത്.
ബ്രൂണോ ഫെർണാണ്ടസ്, ആന്‍റണി, റാഷ്ഫോർഡ് എന്നിവരുടെ ശ്രമങ്ങളൊന്നും ഫാബിയാൻസ്‌കിയെ മറികടക്കാൻ മാത്രം പാകത്തിലുള്ളതായിരുന്നില്ല. ആദ്യ പകുതിയുടെ അവസാനത്തിൽ ബെൻറഹ്മയുടെ ഷോട്ട് ഡി ഗിയ തടഞ്ഞതും ലിൻഡലോഫിന്‍റെ ഹാൻഡ്‌ബോളിന് പെനാൽറ്റി അനുവദിക്കാത്തതും യുണൈറ്റഡിന് ആശ്വാസമായി.
രണ്ടാം പകുതിയിൽ സോസെക്, പക്വേറ്റ, അന്‍റോണിയോ എന്നിവർക്ക് ലീഡ് ഇരട്ടിയാക്കാൻ അവസരം ലഭിച്ചിരുന്നു. 52-ാം മിനിറ്റിൽ സോസെകിലൂടെ ലീഡ് നേടിയെങ്കിലും വാറിന്‍റെ സഹായത്തോടെ യുണൈറ്റഡിന് അനുകൂലമായ ഫൗൾ അനുവദിക്കുകയായിരുന്നു റഫറി. 73-ാം മിനിറ്റിൽ സോസെക് ഹെഡറിലൂടെ ഡി ഗിയയെ മറികടന്നെങ്കിലും ഇത്തവണ ഓഫ്‌സൈഡ് വില്ലനായി. മത്സരത്തിൽ പരമാവധി അഞ്ച് മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും ഈ ഗോളിന് മറുപടി കൊടുക്കാൻ യുണൈറ്റഡിനായില്ല.
ഈ തോൽവിയോടെ മാഞ്ചസ്റ്റർ 34 മത്സരങ്ങളിൽ നിന്ന് 63 പോയിന്‍റുമായി ലീഗിൽ നാലാമതാണ്. 35 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി ലിവർപൂൾ യുണൈറ്റഡിന് തൊട്ടു പിറകിലുണ്ട്. വെസ്റ്റ് ഹാം ഇന്നത്തെ വിജയത്തോടെ 37 പോയിന്റുമായി ലീഗിൽ 15-ാം സ്ഥാനത്താണ്. ഈ ജയത്തോടെ അവരുടെ റിലഗേഷൻ ഭീഷണി ഏതാണ്ട് ഒഴിഞ്ഞെന്നു പറയാം.
കിരീടപ്പോരിൽ പൊരുതാനുറച്ച് ആഴ്‌സണൽ: ന്യൂകാസിൽ യുണൈറ്റഡിനെ സെന്‍റ് ജെയിംസ് പാർക്കിൽ നേരിട്ട ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മാർട്ടിൻ ഒഡെഗാർഡ് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ന്യൂകാസിൽ യുണൈറ്റഡിന്‍റെ വക സെൽഫ് ഗോളായിരുന്നു. ലീഗിൽ ബാക്കിയുള്ള മത്സരങ്ങളിൽ ഏറ്റവും കടുത്ത എതിരാളികളായിരുന്ന ന്യൂകാസിലിനെതിരായ ജയം ആഴ്‌സണലിന് ആത്മവിശ്വാസം നൽകും.
മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ന്യൂകാസിലിന് അനുകൂലമായി റഫറി പെനാൽറ്റി അനവദിച്ചു. എന്നാൽ വാറിന്‍റെ തീരുമാനം ആഴ്‌സണലിന് അനുകൂലമായിരുന്നു. 14-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡാണ് ആഴ്‌സണലിന്‍റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ ലീഡ് ഇരട്ടിയാക്കാൻ ഒഡെഗാർഡിനു അവസരം ലഭിച്ചെങ്കിലും താരത്തിന് പിഴച്ചു. ആഴ്‌സണൽ നായകന്‍റെ ഗോളെന്നുറച്ച ഷോട്ട് ന്യൂകാസിൽ ഗോൾ കീപ്പർ നിക് പോപ്പ് കാലുകൊണ്ട് തട്ടിയകറ്റി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ആഴ്‌സണൽ ഗോൾ മുഖത്തേക്ക് ന്യൂകാസിൽ ആക്രമണം കടുപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ അഞ്ച് മിനിറ്റിനകം തന്നെ ന്യൂകാസിലിന്‍റെ രണ്ട് ഗോളുകളാണ് വലയിലെത്താതെ പോയത്. 48-ാം മിനിറ്റിൽ മർഫിയുടെ ക്രോസിൽ നിന്ന് ഇസാക്കിന്‍റെ ഹെഡർ പോസ്‌റ്റിൽ തട്ടി മടങ്ങിയതും തൊട്ടടുത്ത നിമിഷം ഷാറിന്‍റെ ക്ലോസ് റേഞ്ചർ ഹെഡർ തട്ടിയകറ്റിയതും ആഴ്‌സണലിന് തുണയായി.
ന്യൂകാസിൽ ആക്രമണം തുടർന്നെങ്കിലും പീരങ്കിപ്പടയുടെ കൗണ്ടർ അറ്റാക്കിൽ സെൽഫ് ഗോൾ വഴങ്ങിയത് തിരിച്ച് വരാൻ പിന്നീട് ടീമിന് തിരിച്ചടിയായി. 71-ാം മിനിറ്റിൽ ആഴ്‌സണൽ നടത്തിയ പ്രത്യാക്രമണത്തിനൊടുവിൽ മാർട്ടിനെല്ലിയുടെ ഷോട്ട് തടയുന്നതിൽ ഡിഫൻഡർ ഫാബിയൻ ഷാറിന് പിഴച്ചു. രണ്ടു ഗോൾ ലീഡ് നേടിയതോടെ മത്സരത്തിൽ വിജയമുറപ്പിക്കാൻ ആഴ്‌സണലിനായി.