ലണ്ടന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നെതർലൻഡ്‌സ് സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെ ബേൺലിയിൽ നിന്നും ലോണ്‍ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ഈ സീസണ്‍ അവസാനം വരെയാണ് കരാര്‍.
ലോണ്‍ അടിസ്ഥാനത്തില്‍ ടർക്കിഷ് ക്ലബ് ബെസിക്‌റ്റാസിലേക്ക് പോയ വെഗോർസ്റ്റിന് പ്രീമിയര്‍ ലീഗിലേക്ക് ഇതു രണ്ടാം വരവാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് വെഗോർസ്റ്റ് പ്രതികരിച്ചു.
"നേരത്തെ ഞാന്‍ യുണൈറ്റഡിനെതിരെ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ പ്രശസ്തമായ ചുവന്ന ജഴ്‌സി ധരിക്കാൻ അവസരം ലഭിച്ചത് അതിശയകരമായ ഒരു വികാരമാണ്. എറിക് ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡിന്‍റെ മുന്നേറ്റം ഞാൻ കണ്ടു.
ടീമിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എന്‍റെ പങ്ക് നല്‍കുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ല. അടുത്ത കുറച്ച് മാസങ്ങളിൽ എന്ത് സംഭവിച്ചാലും, ഈ ക്ലബ്ബിനായി ഞാന്‍ എല്ലാം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു". വൗട്ട് വെഗോർസ്റ്റ് പറഞ്ഞു.
നിരവധി യൂറോപ്യൻ ലീഗുകളിൽ സ്ഥിരതയാർന്ന ഗോൾ സ്‌കോറിങ് റെക്കോഡുള്ള 30കാരന്‍റെ വരവ് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് യുണൈറ്റഡ് ഫുട്ബോൾ ഡയറക്ടർ ജോൺ മുർട്ടോ പറഞ്ഞു. വെഗോർസ്റ്റിന്‍റെ വരവോടെ മുന്നേറ്റ നിരകൂടുതല്‍ ശക്തിപ്പെടുത്താമെന്നാണ് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിന്‍റെ കണക്കുകൂട്ടല്‍. ക്രിസ്റ്റ്യനോ ക്ലബ് വിട്ടതോടെ ആന്‍റണി മാർഷ്യലും മാർക്കസ് റാഷ്‌ഫോർഡും മാത്രമായിരുന്നു ടീമിലെ സീനിയർ സ്‌ട്രൈക്കർമാര്‍.
ഖത്തറിൽ ലോകകപ്പിൽ നെതർലൻഡ്‌സിന് വേണ്ടി കളിച്ച വെഗോര്‍സ്റ്റ് അർജന്‍റീനയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയിരുന്നു. അര്‍ജന്‍റീന രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കെയാണ് വെഗോര്‍സ്റ്റ് ഇരട്ടവെടി പൊട്ടിച്ചത്. ഇതോടെ നാടകീയമായി മത്സരത്തിലേക്ക് തിരിച്ചുവന്ന നെതർലൻഡ്‌സ് പെനാല്‍റ്റിയിലാണ് തോല്‍വി വഴങ്ങിയത്.
ബെസിക്‌റ്റാസിനായി ഈ സീസണിൽ എട്ടുഗോളുകളാണ് 30കാരന്‍ നേടിയത്. തന്‍റെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളും വൗട്ട് വെഗോർസ്റ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ജർമ്മൻ ക്ലബ് വൂൾഫ്സ്ബർഗിൽ നിന്ന് 15 മില്യൺ ഡോളറിന്‍റെ കരാറിലാണ് വെഗോര്‍സ്റ്റ് ബേൺലിയിൽ എത്തുന്നത്. ബേൺലി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായതിനാൽ 20 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
നെതർലൻഡ്‌സിന്‍റെ തന്നെ കോഡി ഗാക്‌പോയ്‌ക്കായി യുണൈറ്റഡ് ശ്രമം നടത്തിയിരുന്നുവെങ്കിലും താരം ലിവർപൂളിൽ ചേരുകയായിരുന്നു. സീസണിന്‍റെ തുടക്കം മുതല്‍ക്ക് യുണൈറ്റഡുമായി അസ്വാരസ്യത്തിലായിരുന്നു 37കാരനായ ക്രിസ്റ്റ്യനോ. ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ കഴിയുന്ന ക്ലബിലേക്ക് ചേക്കേറാന്‍ താരം ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
ഒടുവില്‍ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ നല്‍കിയ അഭിമുഖം വിവാദമായതോടെയാണ് കഴിഞ്ഞ നവംബറില്‍ താരവുമായുള്ള കരാര്‍ യുണൈറ്റഡ് റദ്ദാക്കുന്നത്. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടു. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ല.
എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ പറഞ്ഞത്. യുണൈറ്റഡ് വിട്ട താരത്തെ സൗദി ക്ലബ് അല്‍ നസ്‌ര്‍ സ്വന്തമാക്കിയിരുന്നു. 2025 വരെ പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് കരാര്‍.
Also read: റൊണാള്‍ഡോ മൂന്നാം തവണയും വിവാഹിതനാവുന്നു; സന്തോഷം പങ്കുവച്ച് കാമുകി സെലിന ലോക്ക്‌സ്