മാഞ്ചസ്‌റ്റർ : ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ സ്‌പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡിന്‍റെ ക്വാർട്ടർ സ്വപ്‌നം തകർന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പാനിഷ് ക്ലബ്ബിന്‍റെ ജയം.
ഇരു പാദങ്ങളിലുമായി 2-1 ന്‍റെ ജയത്തോടെ അത്‌ലറ്റിക്കോ ക്വാര്‍ട്ടറിലെത്തി. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 1-1 ൽ കലാശിച്ചിരുന്നു.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ യുണൈറ്റഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിന്‍റെ 13-ാം മിനിട്ടില്‍ ബ്രൂണോ ഫെർണാണ്ടസിന്‍റെ ക്രോസിൽ നിന്നും ആന്‍റണി എലാങ്കയുടെ ഷോട്ട് അത്ലറ്റിക്കോ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിന്‍റെ മുഖത്ത് തട്ടി തെറിക്കുകയായിരുന്നു.
16-ാം മിനിറ്റിൽ, റോഡ്രിഗോ ഡി പോളിന്‍റെ ലോങ്ങ് റേഞ്ചർ മികച്ച സേവിലൂടെ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ രക്ഷപ്പെടുത്തി. 34-ാം മിനിറ്റിൽ ലോറെന്‍റെയുടെ പാസിൽ നിന്നും ഫെലിക്‌സ് യുണൈറ്റഡ് വല കുലുക്കിയെങ്കിലും, ലോറെന്‍റെ ഓഫ്‌സൈഡ് ആയതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
41-ാം മിനിറ്റില്‍ റെനന്‍ ലോഡിയാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. അന്‍റോണിയോ ഗ്രീസ്‌മാന്‍ നല്‍കിയ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ലോഡിയുടെ ഗോള്‍.